അഫ്ഗാനിസ്ഥാനിലെ ഭീഗരക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

  • 22/04/2022


കാബൂൾ: വ്യാഴാഴ്ച അഫ്ഗാനിസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ നടന്ന ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ഭീരകസംഘടനയായ ഐഎസ് ഏറ്റെടുത്തു. നാല് സ്ഫോടനങ്ങളിലായി 31 പേർ കൊല്ലപ്പെടുകയും 87 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശിയാ വിഭാ​ഗത്തിന്റെ പള്ളിയായ മസാർ-ഇ-ഷരീഫിലാണ് വലിയ സ്ഫോടനം നടന്നത്. 

സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റമദാൻ മാസത്തിലും രാജ്യത്ത് ഭീകരർ സാധാരണക്കാർക്കുനേരെ അക്രമം അഴിച്ചുവിടുകയാണെന്ന് താലിബാൻ പറഞ്ഞു. കാബൂൾ, ബാൽഖ്, കുന്ദൂസ് എന്നിവിടങ്ങളിൽ നടന്ന സ്‌ഫോടനങ്ങളെ താലിബാൻ അപലപിച്ചു.

അഫ്​ഗാനിലെ ഷിയാ വിഭാ​ഗത്തിന് നേരെ അക്രമങ്ങൾ വർധിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച കാബൂളിലെസ്കൂളിന് പുറത്ത് രണ്ട് സ്ഫോടനങ്ങളിൽആറ് പേർ കൊല്ലപ്പെട്ടിരുന്നു. അധികാരം പിടിച്ചെടുത്തതിന് ശേഷം  കിഴക്കൻ നംഗർഹാർ പ്രവിശ്യയിലെ ഐഎസ് ഒളിത്താവളങ്ങളിൽ താലിബാൻ റെയ്ഡ് നടത്തിയിരുന്നു. 

ഐഎസിനെ പരാജയപ്പെടുത്തിയെന്ന് താലിബാൻ ഉദ്യോഗസ്ഥർ അവകാശവാദമുന്നയിക്കുന്നുണ്ടെങ്കിലും രാജ്യത്ത് സ്ഫോടനങ്ങൾ തുടർക്കഥയാകുകയാണ്. ഐഎസ് ഗ്രൂപ്പാണ് പ്രധാന സുരക്ഷാ വെല്ലുവിളിയെന്ന് താലിബാൻ പറയുന്നു.

Related News