കറാച്ചിയിലെ ചാവേര്‍ രണ്ട് കുട്ടികളുടെ മാതാവ്‌; വിദ്യാഭ്യാസം ബിരുദാനന്തര ബിരുദം

  • 27/04/2022

അലഹബാദ്: കറാച്ചിയില്‍ ചാവേറായി പൊട്ടിത്തെറിച്ച ബലൂചിസ്ഥാന്‍ യുവതി രണ്ട് കുട്ടികളുടെ മാതാവാണെന്ന് സ്ഥിരീകരിച്ചു. ബിരുദാനന്തര ബിരുദമാണ് ഇവരുടെ വിദ്യാഭ്യാസ യോഗ്യത. ബലൂചിസ്ഥാനിലെ തര്‍ബാത് നിയാസര്‍ അബാദ് സ്വദേശിയായ ഷാറി ബലോച് ആണ് ചാവേര്‍ ബോംബാക്രമണം നടത്തിയതെന്നാണ് സ്ഥിരീകരണം. 

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) പുറത്തിറക്കിയ പ്രസ്താവനയിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.30 വയസ്സുകാരിയായ ഷാറി ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണെന്നാണ് റിപ്പോര്‍ട്ട്. എം.ഫില്‍ ഗവേഷകയായിരുന്ന ഇവര്‍ ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലിചെയ്തുവരികയായിരുന്നു. ഭര്‍ത്താവ് ദന്തഡോക്ടറാണ്. എട്ടും നാലും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്.

രണ്ടുവര്‍ഷം മുമ്പാണ് ഷാറി ബി.എല്‍.എ.യുടെ മജീദ് ബ്രിഗേഡില്‍ അംഗമായതെന്നാണ് വിവരം. മജീദ് ബ്രിഗേഡിലെ ചാവേറുകളുടെ പ്രത്യേക സ്‌ക്വാഡിലായിരുന്നു ഷാറിയുടെ പ്രവര്‍ത്തനം. രണ്ട് ചെറിയ കുട്ടികളുള്ളതിനാല്‍ സംഘത്തില്‍നിന്ന് വിട്ടുപോകാന്‍ ഷാറിയ്ക്ക് അവസരം നല്‍കിയിരുന്നെങ്കിലും ഇവര്‍ സ്‌ക്വാഡില്‍ തുടരുകയായിരുന്നുവെന്നാണ് ബി.എല്‍.എ. പറയുന്നത്.

രണ്ടുവര്‍ഷത്തിനിടെ മജീദ് ബ്രിഗേഡിന്റെ വിവിധ യൂണിറ്റുകളില്‍ ഷാറി പ്രവര്‍ത്തിച്ചു. ഇതിനിടെ, ചാവേര്‍ സംഘത്തില്‍ അംഗമാകാനുള്ള തീരുമാനത്തെക്കുറിച്ച് പുനര്‍ചിന്തിക്കാനും ബ്രിഗേഡ് ഷാറിക്ക് സമയം നല്‍കിയെന്നാണ് സംഘടന പറയുന്നത്. എന്നാല്‍ ആറുമാസം മുമ്പ് തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി യുവതി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഇതിനുശേഷം തങ്ങളുടെ ദൗത്യത്തില്‍ യുവതിയുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നതായാണ് ബി.എല്‍.എ. അവകാശപ്പെടുന്നത്.

Related News