യുഎസിൽ ആഞ്ഞടിച്ച ടൊർണാഡോ ചുഴലിക്കാറ്റിനെ പിന്തുടർന്ന 3 വിദ്യാർഥികൾ മരിച്ചു: ഒരാൾ ഇന്ത്യൻ വംശജൻ

  • 03/05/2022



യുഎസിൽ ആഞ്ഞടിച്ച ടൊർണാഡോ ചുഴലിക്കാറ്റിനെ പിന്തുടർന്ന 3 വിദ്യാർഥികൾ മരിച്ചു. അമേരിക്കയിലെ ഒക്‌ലഹോമ സർവകലാശാലയിലെ വിദ്യാർഥികളായ നിക്കൊളാസ് നായർ, ഗാവിൻ ഷോർട്, ഡ്രേക്ക് ബ്രൂക്‌സ് എന്നിവരാണ് മരിച്ചത്. ഇതിൽ നിക്കൊളാസ് നായർ ഇന്ത്യൻ വംശജനാണ്. ഒക്‌ലഹോമ നഗരത്തിന് 137 കിലോമീറ്റർ വടക്കായി ടൊൻകാവയിൽ ഇന്റർസ്‌റ്റേറ്റ് 35 എന്ന ഹൈവേയിലൂടെ പോകുമ്പോഴാണു സംഭവം. ചുഴലിക്കാറ്റിൽ പെട്ട് ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് ദുരന്തം സംഭവിച്ചത്.

ഒക്‌ലഹോമ സർവകലാശാലയിലെ മെറ്റീരിയോളജി വിദ്യാർഥികളാണ് മൂവരും. പഠനത്തിന്റെ ഭാഗമായി ടൊർണാഡോ ചുഴലിക്കാറ്റിനെ പിന്തുടർന്ന് ഗവേഷണം നടത്താനുള്ള ശ്രമത്തിനിടെയാണു മരണം സംഭവിച്ചത്. ഇവരെ കൂടാതെ ഒക്‌ലഹോമ സർവകലാശാലയിലെ മറ്റു ചില വിദ്യാർഥികളും പ്രത്യേക സംഘങ്ങളായി ചുഴലിക്കാറ്റിനെ പിന്തുടരാൻ പോയിരുന്നു. അമേരിക്കയിൽ പലരും ടൊർണാഡോ ചുഴലിക്കാറ്റുകളെ പിന്തുടരാൻ ശ്രമിക്കാറുണ്ട്. സ്റ്റോം കാച്ചേഴ്‌സ് എന്നാണ് ഇവർ അറിയപ്പെടുന്നത്.

ഒക്‌ലഹോമയിലെ ഡെന്റണിൽ നിന്നുള്ള വിദ്യാർഥിയാണ് നിക്കൊളാസ് നായർ. കെജി നായരുടെയും കെയ്റ്റ് നായരുടെയും മകൻ. കൃഷ്ണ നായർ എന്ന സഹോദരനും നിക്കൊളാസിനുണ്ട്. ചെറുപ്പകാലം മുതൽ ചുഴലിക്കാറ്റുകളെ വീക്ഷിക്കുന്നതും പിന്തുടരുന്നതും നിക്കൊളാസിനു വലിയ ഇഷ്ടമുള്ള കാര്യങ്ങളായിരുന്നെന്ന് കെയ്റ്റും കൃഷ്ണയും പറയുന്നു.

മണിക്കൂറിൽ 270 കിലോമീറ്ററോളം അതിവേഗത്തിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കൻസാസിൽ ആയിരത്തിലധികം വീടുകളും കെട്ടിടങ്ങളും നശിക്കുകയും 30 കിലോമീറ്ററോളം ദൈർഘ്യത്തിൽ നശീകരണ പാത ഉടലെടുക്കുകയും ചെയ്തു. കൻസാസിലെ ആൻഡോവറിലുള്ള വിചിറ്റ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ നാശം സംഭവിച്ചത്. ഇവിടെ ചിലയിടങ്ങളിൽ ദിവസങ്ങളോളം വൈദ്യുതി മുടങ്ങിയിരുന്നു. പതിനയ്യായിരത്തോളം ആളുകൾക്ക് ഇപ്പോഴും വൈദ്യുതി കിട്ടിയിട്ടില്ല.

Related News