ശ്രീലങ്കയില്‍ മഹിന്ദ്ര രാജപക്‌സെ രാജിവെച്ചു

  • 09/05/2022

കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ്ര രജപക്‌സെ രാജിവച്ചു. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ രാജപക്‌സെ അനുകൂലികള്‍ ആക്രമണം അഴിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ക്കൊടുവിലാണ് രാജി. മഹിന്ദ്രയെ പിന്തുടര്‍ന്ന് കൂടുതല്‍ മന്ത്രിമാര്‍ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് മന്ത്രിമാര്‍ രാജിക്കത്ത് കൈമാറി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ മഹീന്ദ്ര അനുകൂലികള്‍ നടത്തിയ അക്രമത്തെ ഗോതബായ രജപക്‌സെ തള്ളിപ്പറഞ്ഞിരുന്നു.

കൊളംബോയില്‍ മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസിന് സമീപമായിരുന്നു പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം. ടെന്റ് അടിച്ച് ഒത്തുകൂടിയ പ്രതിഷേധക്കാര്‍, സമരവേദിയായ മൈനഗോഗാമയ്ക്ക് മുന്നിലാണ് കയ്യേറ്റം ചെയ്യപ്പെട്ടത്. ആക്രമണത്തില്‍ നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. പ്രതിപക്ഷ നേതാവിന് നേരെയും ആക്രമണം ഉണ്ടായി. ടെന്റുകളെല്ലാം ജനക്കൂട്ടം തകര്‍ത്തു. 

ഇവരെ തുരത്താന്‍ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസ് തീര്‍ത്ത ബാരിക്കേഡ് മറികടന്നെത്തിയാണ് മഹിന്ദ അനുകൂലികള്‍ പ്രതിഷേധക്കാരെ ആക്രമിച്ചത്. വടികളുമായി എത്തിയ സര്‍ക്കാര്‍ അനുകൂലികള്‍ നിരായുധരായ പ്രതിഷേധക്കാരെ തല്ലി ഓടിക്കുകയായിരുന്നു. പൊലീസിന് കാഴ്ചക്കാരാകേണ്ടി വന്നു. പിന്നീട് കലാപത്തെ നേരിടാന്‍ പരിശീലനം ലഭിച്ച പ്രത്യേക സേന രംഗത്തിറങ്ങിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. തൊട്ടുപിന്നാലെ കൊളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇത് പിന്നീട് രാജ്യത്ത് എല്ലായിടത്തും ബാധകമാക്കി. മഹിന്ദ പ്രധാനമന്ത്രി പദം ഒഴിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു ഈ ആക്രമണം. ആക്രമണത്തെ പ്രസിഡന്റ് തള്ളിപ്പറഞ്ഞതോടെയാണ് പിടിവള്ളി നഷ്ടപ്പെട്ട് മഹിന്ദയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നത്.

Related News