ലങ്ക രക്തരൂക്ഷിതം: അഞ്ച് പേര്‍ കൊല്ലപ്പെട്ടു; കലാപം പടരുന്നു

  • 10/05/2022

കൊളംബോ: ശ്രീലങ്കയില്‍ രക്തരൂക്ഷിതമായ കലാപം പടരുന്നു. പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചതിന് പിന്നാലെ ഉടലെടുത്ത രൂക്ഷമായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 200 ലേറെ പേര്‍ക്ക് പരിക്കേറ്റു. പ്രധാനമന്ത്രിയടക്കം ഭരണപക്ഷ നേതാക്കളുടെ വീടുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. പലയിടത്തും സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ദേശവ്യാപക കര്‍ഫ്യു നാളെ വരെ നീട്ടി.

കര്‍ഫ്യു പ്രഖ്യാപിച്ചിട്ടും ആയിരങ്ങള്‍ തെരുവില്‍ തുടരുകയാണ്. പ്രസിഡന്റ് ഗോതബായ രജപക്‌സേയും രാജിവയ്ക്കണമെന്നാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ ആവശ്യം. മഹിന്ദ രജപക്‌സേയുടെ വസതി ഉള്‍പ്പെടെ നിരവധി ഭരണപക്ഷ നേതാക്കളുടെ വീടുകള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ അഗ്‌നിക്കിരയാക്കി. രാജ്യത്തിന്റെ പല ഭാഗത്തും പൊലീസും സമരക്കാരും തമ്മിലും അതിരൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് ശ്രീലങ്കയില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെയും കെഗല്ലയില്‍ എംപി മഹിപാല ഹെറാത്തിന്റെയും വീടുകള്‍ക്കാണ് പ്രതിഷേധക്കാര്‍ തീവെച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. മുന്‍ മന്ത്രി നിമല്‍ ലന്‍സയുടെ വീടും അഗ്‌നിക്കിരയാക്കി. മറ്റൊരു എംപിയായ അരുന്ദിക ഫെര്‍ണാണ്ടോയുടെ വീടും തീവെച്ച് നശിപ്പിച്ചു.

Related News