ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപ്പിടിച്ചു: ആളപായം ഇല്ല

  • 14/05/2022


ബെയ്ജിംഗ് : ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപ്പിടിച്ചു. തെക്കുപടിഞ്ഞാറൻ ചൈനയിൽ ചോങ്‌ഖോങ്ങിലാണ് സംഭവം. 113 യാത്രക്കാരും 9 ജീവനക്കാരുമായി പോയ എയർബസ് എ319 വിമാനത്തിനാണ് തീപ്പിടിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

റൺവേയിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ അസ്വാഭാവികത ശ്രദ്ധയിൽ പെടുകയായിരുന്നു. ഉടൻ തന്നെ വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കാനായത് വൻ ദുരന്തം ഒഴിവാക്കി. എന്നാൽ തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

വിമാനത്തിൽ തീ പടർന്നുപിടിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യാത്രക്കാർ ജീവനും കൊണ്ട് ഓടുന്നതും കാണാം. നിസാര പരിക്കുകളോടെ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ചൈന ഈസ്റ്റേൺ എയർലൈൻസ് വിമാനം അപകടത്തിൽ പെട്ട് രണ്ട് മാസം തികയുന്നതിന് മുൻപാണ് വീണ്ടും ദുരന്തം നടക്കുന്നത്. മാർച്ച് 21 ന്, 132 ആളുകളുമായി പോയ ബോയിംഗ് 737-800 വിമാനമാണ് തെക്കൻ ചൈനയിലെ പർവതങ്ങളിൽ തകർന്ന് വീണത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. എന്നാൽ അപകടകാരണം സംബന്ധിച്ച് ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

Related News