റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ദേശീയ ദുരന്തനിവാരണ സേന എത്തും

  • 15/05/2022

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാമുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനയെ (എന്‍ഡിആര്‍എഫ്) അടക്കം രംഗത്തെത്തിക്കും. 

അരക്കോണത്തു നിന്നാണ് എന്‍ഡിആര്‍എഫ് (NDRF) സംഘം കേരളത്തിലെത്തുക. 100 പേര്‍ വീതമുള്ള 5 സംഘം ആണ് എത്തുക. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ സംഘം നിലയുറപ്പിക്കും.അതേസമയം ഇന്ന് അഞ്ച് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണുള്ളത്. കാസര്‍കോട് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാള്‍ വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 

അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് കേരളത്തില്‍ മഴ കനക്കുന്നതിന് കാരണം. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മഴ കനത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂ തുറന്നു. ടോള്‍ ഫ്രീ നമ്പറായ 1077 ല്‍ ജനങ്ങള്‍ക്ക് 24 മണിക്കൂറും സഹായത്തിനായി ബന്ധപ്പെടാം.

Related News