ജൂറി അംഗം ഹോം സിനിമ കണ്ടുകാണില്ലെന്ന് ഇന്ദ്രന്‍സ്; വിശദീകരണവുമായി സജി ചെറിയാന്‍

  • 28/05/2022

തിരുവനന്തപുരം: തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. 'ഹോം' സിനിമയ്ക്ക് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെന്നും നടന്‍ ഇന്ദ്രന്‍സ്. ജൂറി സിനിമ കണ്ട് കാണില്ല. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവയ്‌ക്കേണ്ട സിനിമായാണ് 'ഹോം'. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായിട്ടുണ്ടാകാം. വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

അതേസമയം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ നിന്ന് ഹോം സിനിമയെ ഒഴിവാക്കിയെന്ന ആരോപണത്തില്‍ ജൂറിയോട് വിശദീകരണം ചോദിക്കില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ജൂറിക്ക് പരമാധികാരം നല്‍കിയിരുന്നു. എല്ലാ സിനിമകളും കണ്ടു എന്നാണ് ജൂറി പറഞ്ഞത്. മികച്ച നിലയിലെ പരിശോധനയാണ് നടന്നത്. ഇന്ദ്രന്‍സിന് തെറ്റിദ്ധാരണതുണ്ടായതാകാമെന്നും മന്ത്രി പറഞ്ഞു. 

അവാര്‍ഡ് നിര്‍ണയത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായി എന്ന ആരോപണം സജി ചെറിയാന്‍ തള്ളി. സിനിമ നല്ലതോ മോശമോ എന്ന് പറയേണ്ടത് താനല്ല എന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിനാണ് നല്ല അഭിനയത്തിന് അവാര്‍ഡ് നല്‍കേണ്ടത് എന്ന ഷാഫി പറമ്പിലിന്റെ പ്രതികരണത്തോട്, നന്നായി അഭിനയിക്കുന്നവര്‍ക്ക് അല്ലേ അവാര്‍ഡ് നല്‍കാനാകൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നന്നായി അഭിനയിച്ചാല്‍ അടുത്തവട്ടം കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കാം. ഇതിനായി വേണമെങ്കില്‍ പ്രത്യേക ജൂറിയെ വക്കാമെന്നും സജി ചെറിയാന്‍ പരിഹസിച്ചു.

Related News