നേപ്പാളിലെ പർവതമേഖലയിൽ തകർന്നു വീണ വിമാനത്തിൻ്റെ ചിത്രം പുറത്തുവിട്ടു: ചില യാത്രക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി

  • 30/05/2022




കഠ്മണ്ഡു: ഇന്ത്യക്കാരായ നാലംഗ കുടുംബം ഉൾപ്പെടെ 22 പേരുമായി തകർന്നുവീണ വിമാനത്തിലെ ചില യാത്രക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇവയിൽ മിക്കതും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച രാവിലെ കാണാതായ വിമാനം നേപ്പാളിലെ പർവതമേഖലയിൽ തകർന്നു വീണതായി രാത്രിയോടെ സ്ഥിരീകരിച്ചെങ്കിലും കനത്ത മഞ്ഞുവീഴ്ച മൂലം രക്ഷാപ്രവർത്തനം തടസ്സപ്പെട്ടിരുന്നു. ഇന്നു രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് അവശിഷ്ടങ്ങൾ കണ്ടെത്താനായത്.

ഞായറാഴ്ച രാവിലെ 9.55ന് നേപ്പാളിലെ ടൂറിസ്റ്റ് നഗരമായ പൊഖാറയിൽനിന്ന് ജോംസോമിലേക്ക് പറന്ന താര എയറിന്റെ ഇരട്ട എൻജിനുള്ള 9എൻ-എഇടി വിമാനത്തിന് 15 മിനിറ്റിനു ശേഷം കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പൊഖാറ-ജോംസോം വ്യോമപാതയിൽ ഘോറെപാനിക്കു മുകളിൽവച്ചാണു വിമാനവുമായുള്ള ബന്ധം നഷ്ടമായതെന്ന് നേപ്പാൾ വ്യോമയാന വൃത്തങ്ങൾ പറഞ്ഞു. ജോംസോമിലെ ഘാസയിൽ വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. തിരച്ചിലിനു പോയ ഹെലികോപ്റ്റർ മോശം കാലാവസ്ഥ മൂലം മടങ്ങിയിരുന്നു. സ്ഥലം വ്യക്തമായതോടെ പിന്നീട് നേപ്പാൾ കരസേനയുടെ 10 അംഗ സംഘം ഹെലികോപ്റ്ററിൽ നർഷാങ് ആശ്രമത്തിനു സമീപം നദിക്കരയിൽ തിരച്ചിലിനായി ഇറങ്ങി.

പിന്നീട്, മസ്താങ് ജില്ലയിലെ ലാറിക്കോട്ടയിലെ പർവത പ്രദേശമായ ലാനിങ്ഗോളയിൽ തകർന്നുവീണ് തീപടർന്ന അവസ്ഥയിൽ വിമാനം കണ്ടെത്തിയതായി നേപ്പാളിലെ കരസേനാ മേജർ ജനറൽ ബാബുറാം ശ്രേഷ്ഠ വെളിപ്പെടുത്തിയിരുന്നു. പക്ഷേ പ്രതികൂല കാലാവസ്ഥ മൂലം തിരച്ചിൽ നിർത്തേണ്ടിവന്നിരുന്നു.

Related News