നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ചു

  • 03/06/2022

കൊച്ചി:  ദിലീപിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി സമയം നീട്ടി നല്‍കി. ഒന്നരമാസം കൂടിയാണ് സമയം നീട്ടി നല്‍കിയത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. തുടരന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയം 30-ന് അവസാനിച്ചതിനാലാണ് പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം തേടിയത്.തുടര്‍ അന്വേഷണത്തില്‍ ദിലീപിനും കൂട്ട് പ്രതികള്‍ക്കെതിരെയും നിരവധി കണ്ടെത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ദിലീപിന്റെ ഫോണുകളില്‍ നിന്ന് പിടിച്ചെടുത്ത വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിചാരണക്കോടതിയിലുള്ള, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായതിനാല്‍ ഫൊറന്‍സിക് പരിശോധന ആവശ്യമാണെന്നും നിലവില്‍ ലഭിച്ച ഡിജിറ്റല്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ സമയം നീട്ടിച്ചോദിച്ചത്. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ഫലം മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ചിന് ലഭിച്ചതാണ്.

അത് ഇതുവരേയും പരിശോധിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അത് വിശ്വസനീയമല്ലന്നും. ഫോണുകള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ലന്നും, വിവരങ്ങള്‍ മുഴുവനായും ലാബില്‍ നിന്നും ലഭിച്ചതാണ്. പിന്നെ എന്തിനാണ് തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കുന്നതെന്നാണ് ദിലീപ് ഹൈക്കോടതിയെ അറിയിച്ചത്.

Related News