കോവിഡ്; കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു

  • 03/06/2022

ദില്ലി: കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാങ്ങള്‍ക്കാണ് കേന്ദ്രം കത്തയച്ചത്. 

മാസ്‌കും സാമൂഹ്യ അകലവും ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ശക്തമാക്കണമെന്നാണ് നിര്‍ദേശം. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേരളത്തിന് പുറമേ തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ പതിനൊന്ന് ജില്ലകളിലെ പോസ്റ്റീവിറ്റി നിരക്കിലും കേന്ദ്രം ആശങ്കയറിച്ചു.രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. ഒരു ദിവസത്തിനിടെ 4041 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

മൂന്ന് മാസത്തിന് ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം നാലായിരത്തിന് മുകളിലെത്തിയത്. കഴിഞ്ഞ ആഴ്ചകളില്‍ പ്രതിദിന കേസുകളില്‍ നാല്പത് ശതമാനം വര്‍ധനയുണ്ടായി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് പ്രതിദിന രോഗികളുടെ എണ്ണം കൂടുതല്‍. മാസ്‌ക് ഉള്‍പ്പടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പിന്തുടരുന്നതില്‍ വീഴ്ച്ച സംഭവിച്ചതാകാം കേസുകളുയരാന്‍ കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിനിടെ പ്രിയങ്ക ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളോടെ വീട്ടില്‍ ചികിത്സയിലാണ് പ്രിയങ്ക. നേരത്തെ സോണിയ ഗാന്ധിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Related News