ഇമ്രാന്‍ ഖാന് വധഭീഷണി; ഇസ്ലാമാബാദില്‍ നിരോധനാജ്ഞ

  • 05/06/2022


ലാഹോര്‍: മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വധഭീഷണിയുണ്ടായ സാഹചര്യത്തില്‍ ഇസ്ലാമാബാദില്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയെന്നും ഒത്തുചേരലുകള്‍ നിരോധിച്ചിട്ടുണ്ടെന്നും പൊലീസ് വക്താവ് വ്യക്തമാക്കി. ഇമ്രാന്‍ ഖാനെ വധിക്കാന്‍ ആസൂത്രണം ചെയ്തുകഴിഞ്ഞതായി രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വാര്‍ത്താവിതരണ മന്ത്രിയായിരുന്ന ഫവാദ് ചൗധരി പറഞ്ഞിരുന്നു. 

ഇമ്രാന്‍ ഖാന് എന്ത് സംഭവിച്ചാലും അത് പാകിസ്ഥാനെതിരെയുള്ള ആക്രമണമായി കണക്കാക്കും. പ്രതികരണം ആക്രമോത്സുകമായിരിക്കും എന്ന് ഇമ്രാന്‍ ഖാന്റെ അനന്തരവനായ ഹസന്‍ നിയാസി പറഞ്ഞു. കൈകാര്യം ചെയ്യുന്നാനുദ്ദേശിക്കുന്നവര്‍ ഖേദിക്കുമെന്നും നിയാസി മുന്നറിയിപ്പ് നല്‍കി.

'ഇസ്ലാമാബാദ് പൊലീസ് നിയമപ്രകാരം ഇമ്രാന്‍ ഖാന് സമ്പൂര്‍ണ സുരക്ഷ നല്‍കുമെന്നും ഇമ്രാന്‍ ഖാന്റെ സുരക്ഷാ ടീമുകളില്‍ നിന്നും പരസ്പര സഹകരണം പ്രതീക്ഷിക്കുന്നു' എന്നും ഇസ്ലാമാബാദ് പൊലീസും അറിയിച്ചു. 'രാജ്യം വില്‍ക്കാന്‍' വിസമ്മതിച്ചതിന്റെ പേരിലാണ് ഇമ്രാനെ വധിക്കാന്‍ ഗൂഢാലോചന നടന്നിട്ടുള്ളതെന്നും പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് നേതാവ് ഫൈസല്‍ വാവ്ദയും പ്രതികരിച്ചു. ഇസ്ലാമാബാദിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന റാലിയില്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ ഖാനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. 'അല്ലാഹു ഇച്ഛിക്കുമ്പോള്‍ എന്റെ മരണം വരും. അതിനെക്കുറിച്ച് വിഷമിക്കേണ്ട' എന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി വാവ്ദയെ ഉദ്ധരിച്ച് പാകിസ്ഥാനി പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

Related News