ബിജെപി വക്താക്കളുടെ നബി വിരുദ്ധ പരാമർശം: പ്രസ്താവന ഇന്ത്യയുടെ നിലപാടല്ലെന്ന് ഇറാഖിലെ ഇന്ത്യൻ എംബസി; അപലപിച്ച് ഇറാഖ്

  • 07/06/2022



ബാഗ്‍ദാദ്: ബിജെപി വക്താക്കളുടെ നബി വിരുദ്ധ പരാമർശം ഇന്ത്യയുടെ നിലപാടായി കാണരുതെന്ന് ഇറാഖിലെ ഇന്ത്യൻ എംബസി. മഹത്തായ പൈതൃകം ഉള്ള ഇന്ത്യ എല്ലാ മതങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നതായും എംബസി വ്യക്തമാക്കി. 

പ്രവാചക നിന്ദയെ അപലപിച്ച് ഇറാഖ് പാർലമെന്റ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ എംബസിയുടെ വിശദീകരണം. നിരുത്തരവാദപരമായ പ്രസ്താവന നടത്തിയവർക്കെതിരെ ഇന്ത്യ ശക്തമായ നടപടി സ്വീകരിച്ചു. ഇന്ത്യ-ഇറാഖ് ബന്ധത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും ഇത്തരം ഛിദ്രശക്തികൾക്കെതിരെ യോജിച്ച് പോരാടാൻ ഇന്ത്യയും ഇറാഖും പ്രതിജ്ഞാബദ്ധമാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. 

നേരത്തെ ഒമാനും നബിവിരുദ്ധ പ്രസ്താവനയെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഒമാന്‍ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഹര്‍ത്തി ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. എല്ലാ മതചിഹ്നങ്ങളെയും അവഹേളിക്കുന്നതിന് ഒമാന്‍ എതിരാണ്. 

ഇത്തരം അഭിപ്രായങ്ങളും സംഭവങ്ങളും വിവിധ മതങ്ങളില്‍പ്പെട്ടവര്‍ക്കിടയില്‍ ജനരോഷം മാത്രമാണ് ഉണ്ടാക്കുക. അപമാനകരമായ പരാമര്‍ശം നടത്തിയ വക്താവിനെ സസ്‍പെന്റ് ചെയ‍്‍ത നടപടിയെ ഒമാന്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിശ്വാസങ്ങളെയും മതങ്ങളെയും ഒമാന്‍ ബഹുമാനിക്കുന്നുവെന്നും ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഹര്‍ത്തി പറഞ്ഞു.

സംഭവത്തില്‍ നേരത്തെ ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹമ്മദ് അല്‍ ഖലീലിയും പ്രതികരണം നടത്തിയിരുന്നു. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവ് പ്രവാചകനും പ്രിയ പത്‌നിക്കുമെതിരെ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശം ലോകത്തുള്ള ഓരോ മുസ്ലിങ്ങള്‍ക്കുമെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പ്രവാചകനെയും മതത്തിന്റെ വിശുദ്ധിയെയും സംരക്ഷിക്കാന്‍ ലോക മുസ്ലിങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..

Related News