ക്ലിഫ് ഹൗസിലേക്കെത്തിച്ച ബിരിയാണി പാത്രങ്ങള്‍ക്കുള്ളില്‍ ലോഹവസ്തുക്കള്‍; മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണവുമായി സ്വപ്‌ന സുരേഷ്

  • 07/06/2022


തിരുവനന്തപുരം: വലിയ ഭാരമുള്ള ബിരിയാണിപ്പാത്രങ്ങള്‍ കോണ്‍സുല്‍ ജനറല്‍ ക്ലിഫ് ഹൗസില്‍ എത്തിച്ചുവെന്നും ബിരിയാണിപ്പാത്രങ്ങളില്‍ ഭാരമുള്ള മറ്റ് ലോഹവസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷ്. ഇതുള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് ഇവര്‍ മുഖ്യമന്ത്രിക്കും കുടുംബങ്ങള്‍ക്കുമെതിരെ ഇന്ന് ഉന്നയിച്ചത്.  

പാത്രങ്ങള്‍ ക്ലിഫ് ഹൗസിലെത്തിച്ചത് ജവഹര്‍ നഗറിലെ കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ നിന്നാണെന്നും സ്വപ്ന പറഞ്ഞു. രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ഇവര്‍. 2016ല്‍ മുഖ്യമന്ത്രി ദുബായിലായിരുന്നപ്പോള്‍ എം.ശിവശങ്കര്‍ പറഞ്ഞ പ്രകാരം ബാഗ് എത്തിച്ചു. ബാഗില്‍ പണമായിരുന്നുവെന്ന് യുഎഇ കോണ്‍സുലേറ്റിലെ സ്‌കാനിങ്ങില്‍ ബോധ്യപ്പെട്ടു. കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥനാണ് ബാഗുമായി ദുബായിലേക്ക് പോയത്. മുഖ്യമന്ത്രി, ഭാര്യ, മകള്‍, നളിനി നെറ്റോ, ശിവശങ്കര്‍, കെ.ടി.ജലീല്‍ എന്നിവരെക്കുറിച്ചും മൊഴികളില്‍ പരാമര്‍ശിക്കുന്നു.

അതേസമയം സ്വപ്നയുടെ വെളിപ്പെടുത്തലില്‍ ഒന്നും പറയാനില്ലെന്നും പ്രതികരണത്തിനില്ലെന്നും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ പറഞ്ഞു. സ്വപ്നയുടെ മൊഴി കാര്യമാക്കുന്നില്ലെന്നും പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നും എം.ശിവശങ്കറും പറഞ്ഞു.




Related News