മുഖ്യമന്ത്രിക്കെതിരായി സംസ്ഥാനവ്യാപക പ്രതിഷേധം; മിക്കയിടങ്ങളിലും സംഘര്‍ഷം

  • 10/06/2022

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ കളക്ടറേറ്റുകളിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോട്ടയം, കൊല്ലം, കണ്ണൂര്‍, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളിലാണ് സംഘര്‍ഷം നടന്നത്.

കണ്ണൂരില്‍ ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടെ ചില പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡിന് മുകളില്‍ കയറിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.  ജലപീരങ്കി ഉപയോഗിച്ച പോലീസിന് നേരെ പ്രവര്‍ത്തകര്‍ കൊടികെട്ടിയ വടി ഉപയോഗിച്ച് നേരിട്ടു. കൊല്ലത്ത് കോണ്‍ഗ്രസ് ആര്‍.വൈ.എഫ് മാര്‍ച്ചിനുനേരെ ലാത്തിച്ചാര്‍ജുണ്ടായി.  കോട്ടയത്ത് പൊലീസിന് നേരെ കുപ്പിയേറുണ്ടായി. കണ്ണൂരില്‍ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ ചെരുപ്പ് എറിഞ്ഞു.കോഴിക്കോട് കളക്ടേറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

അതേസമയം കണ്ണൂരിലെ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പൊലീസ് നോട്ടീസ് അയച്ചിരുന്നു. സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് പിന്മാറണമെന്നും മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നുമാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ പൊലീസിന്റെ ഭീഷണി വിലപ്പോകില്ലെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുവമോര്‍ച്ചയും നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും അവരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു.

Related News