ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും: കോടിയേരി

  • 10/06/2022

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഷാജ് കിരണിന്റെ ശബ്ദ രേഖ സ്വപ്ന പുറത്തുവിട്ടതിന് പിന്നാലെ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോടിയേരിയുടെ പ്രതികരണം.

മുഖ്യമന്ത്രിയേയും കുടുംബത്തേയും ആക്ഷേപിക്കലാണ് ലക്ഷ്യം. ഇത്തരം ആരോപണങ്ങള്‍ക്ക് അല്‍പ്പായുസ് മാത്രമാണെന്നും കോടിയേരി പറഞ്ഞു. പഴയ വിവാദങ്ങള്‍ വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. കലാപവും സംഘര്‍ഷവും നിറച്ച് രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കാനാണ് ശ്രമം. ഇത്തരം കള്ളക്കഥകള്‍ക്കും കലാപങ്ങള്‍ക്കും കീഴടങ്ങില്ല. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണം. ജനങ്ങളെ അണിനിരത്തി രാഷ്ട്രീയ പ്രചാരണം നടത്തുമെന്നും കോടിയേരി പറഞ്ഞു.

സ്വപ്ന കോടതിക്ക് നല്‍കിയ മൊഴിയില്‍ നിറയെ വൈരുദ്ധ്യങ്ങളാണ്. ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ ബന്ധമില്ലെന്നായിരുന്നു ആദ്യമൊഴി. പിന്നീട് അത് മാറ്റി. മുഖ്യമന്ത്രിക്കെതിരായി മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും സ്വപ്ന പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് കഥമാറി. ഓരോ ഘട്ടത്തിലും ഓരോ തരത്തില്‍ മൊഴി കെടുക്കുന്നു. ബിരിയാണി ചെമ്പിന്റെ ബന്ധം മാത്രമാണ് പുതുതായി പുറത്തുവന്ന ആരോപണത്തിലെ പുതിയ കാര്യം. ഖുറാനിലും ഈന്തപ്പഴത്തിലും സ്വര്‍ണം കടത്തിയെന്നായിരുന്നു അന്നത്തെ ആരോപണം. സ്വപ്നയുടെ ഇപ്പോഴത്തെ മൊഴി എത്രത്തോളം വിശ്വസനീയമാണെന്ന് കോടതിയാണ് പരിശോധിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.

Related News