മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിച്ചു, ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം; മധ്യവയസ്‌കന്‍ മരിച്ചു

  • 13/06/2022

ചിറയിന്‍കീഴ്: തിരുവനന്തപുരത്ത് മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിച്ച മധ്യവയസ്‌കന്‍ ചികിത്സയിലിരിക്കെ മരിച്ചു. ചിറയിൻകീഴ് പെരുങ്ങുഴിയില്‍ മുദാക്കല്‍ ഇടയ്ക്കോട് വിളയില്‍വീട്ടില്‍ തുളസി എന്നുവിളിക്കുന്ന ചന്ദ്രന്‍ (50) ആണ് മരിച്ചത്.

 ചന്ദ്രനെ കെട്ടിയിട്ട് ഭീഷണിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം ചര്‍ച്ചയാകുന്നത്. വയറ്റില്‍ ചവിട്ടിയതായി വീഡിയോയില്‍ പറയുന്നുണ്ട്. ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് സൂചന. ബന്ധുക്കളും ഇതേ ആരോപണം ഉന്നയിക്കുന്നുണ്ട്. ചന്ദ്രന്റെ മരണത്തില്‍ സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും കാണിച്ച് ചന്ദ്രന്റെ സഹോദരന്‍ ശാന്തി ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ 28-നാണ് ചന്ദ്രന് ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റത്. പെരുങ്ങുഴി ശിവപാര്‍വ്വതി ക്ഷേത്രത്തിന് സമീപം മണിയെന്ന ആളുടെ വീടിന് സമീപം രാത്രി 12 മണിക്കാണ് ചന്ദ്രനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടത്. ഇരുട്ടില്‍ പതുങ്ങിയിരുന്ന ഇയാളെ നാട്ടുകാര്‍ പിടികൂടി. നാട്ടുകാര്‍ ചോദിച്ചതിന് കൃത്യമായ ഉത്തരങ്ങള്‍ ലഭിക്കാതെ വന്നതോടെ നാട്ടുകാരില്‍ ചിലര്‍ ഇയാളെ മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തിന് ശേഷം കെട്ടിയിടുകയും ചെയ്തു. ഇയാളെ പരിശോധിച്ചപ്പോള്‍ വീട്ടില്‍ ഉപയോഗിക്കുന്ന ഉരുളിയും അടുക്കള സാധനങ്ങളും കണ്ടെടുത്തു.

ഇവ മണിയുടെ വീട്ടില്‍ നിന്നു മോഷ്ടിച്ചതാണെന്ന് നാട്ടുകാരുടെ ചോദ്യം ചെയ്യലില്‍ ചന്ദ്രന്‍ സമ്മതിച്ചു. തുടര്‍ന്ന് ചിറയിന്‍കീഴ് പോലീസിനെ വിവരമറിയിക്കുകയും അവരെത്തി ചന്ദ്രനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചന്ദ്രനെ ചിറയിന്‍കീഴ് സ്റ്റേഷനില്‍ എത്തിച്ചശേഷം വൈദ്യപരിശോധനയും നടത്തി. 29-ന് വൈകീട്ട് ഇടയ്ക്കോട് താമസിക്കുന്ന ചന്ദ്രന്റെ സഹോദരന്‍ ശാന്തിയെ ചിറയിന്‍കീഴ് പോലീസ് വിവരമറിയിച്ചു. ശാന്തിയും ബന്ധുവും സ്റ്റേഷനിലെത്തി ചന്ദ്രനെ ജാമ്യത്തിലിറക്കി വീട്ടിലേക്ക് കൊണ്ടുപോയി. സംഭവശേഷം ചന്ദ്രന് ആഹാരം കഴിക്കാന്‍ സാധിക്കാതെ വരികയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു.

വീട്ടില്‍ കഴിഞ്ഞുവന്ന ചന്ദ്രന്റെ അവസ്ഥ കഴിഞ്ഞ വ്യാഴാഴ്ച ഗുരുതരമാകുകയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയില്‍ കുടലില്‍ അണുബാധയുള്ളതായും അവസ്ഥ ഗുരുതരമാണെന്നും കണ്ടെത്തി. ശനിയാഴ്ച വൈകീട്ടോടെ മരിച്ചു. ചന്ദ്രന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. 

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാക്കുവാന്‍ സാധിക്കുവെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസുകളില്‍ പ്രതിയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ ആറ്റിങ്ങല്‍ പോലീസ് കേസെടുത്തു. അതേസമയം സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആറ്റിങ്ങൽ ഡിവൈഎസ്‍പി അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. ജൂലൈ 18 ന് കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.  

Related News