അഡ്വ. സുനന്ദയെ ബാലാവകാശ കമ്മീഷന്‍ അംഗമാക്കാനുള്ള നീക്കത്തിനെതിരെ പരാതി

  • 15/06/2022

തിരുവനന്തപുരം:  അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയെന്ന പരാതിയില്‍ ആരോപണം നേരിടുന്ന സി.ഡബ്‌ളു.സി അധ്യക്ഷ അഡ്വ. എന്‍.സുനന്ദയെ ബാലാവകാശ കമ്മീഷന്‍ അംഗമാക്കുന്നതിനെതിരെ പരാതി. ശിശു സംരക്ഷണ സമിതിയാണ് വനിതാ - ശിശുക്ഷേമ മന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്കിയത്.

വിവാദമായ ദത്ത് കേസില്‍ കുഞ്ഞിന്റെ മാതാപിതാക്കള്‍ പ്രതിയെന്ന്് ആരോപിച്ചവരില്‍ പ്രധാനിയാണ് അഡ്വ എന്‍ സുനന്ദ. കേസില്‍ വകുപ്പുതല അന്വേഷണം നടന്നെങ്കിലും റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി. തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിററി അധ്യക്ഷയായ സുനന്ദയെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അംഗമായി നിയമിക്കാനുളള നീക്കം തടയണമെന്നാണ് പരാതി. ശിശുക്ഷേമ സംരക്ഷണ സമിതി ചെയര്‍മാര്‍ ആര്‍ എസ് ശശികുമാറും വൈസ് ചെയര്‍മാന്‍ ചെമ്പഴന്തി അനിലുമാണ് പരാതിക്കാര്‍. 

കുഞ്ഞിനെ കടത്താന്‍ ഒത്താശ ചെയ്തയാളെ ബാലാവകാശ കമ്മിഷനില്‍ നിയമിച്ചാല്‍ നിക്ഷ്പക്ഷ പ്രവര്‍ത്തനത്തെ ബാധിക്കും. സുനന്ദയെ ബാലാവകാശ കമ്മിഷന്‍ അംഗമായി നിയമിക്കാനുളള ശുപാര്‍ശ വിജിലന്‍സ് ക്‌ളിയറന്‍സിന് അയച്ചിരിക്കുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ബാലാവകാശ കമ്മിഷനില്‍ രണ്ട് ഒഴിവുകളാണുളളത്. ഒഴിവുകളിലേയ്ക്ക് കഴിഞ്ഞയാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ സുനന്ദ പങ്കെടുത്തിരുന്നു. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ദത്ത് നല്കിയ കുഞ്ഞിനെ അമ്മയ്ക്ക് തിരികെ ലഭിച്ചത്. ദത്ത് കേസില്‍ വനിത -ശിശുവികസന വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആറുമാസം കഴിഞ്ഞിട്ടും പരിശോധിച്ച് വരികയാണെന്നാണ് വകുപ്പ് മന്ത്രിയുടെ മറുപടി.

Related News