തങ്ങൾ എന്നെങ്കിലും മടങ്ങിവരും: അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ച് ബിടിഎസ്

  • 15/06/2022


ലോകം മുഴുവൻ ആരാധകരുള്ള സംഗീത ബാൻഡ് ആണ് ബിടിഎസ്. ബിടിഎസിന്റെ പുതിയ വീഡിയോകൾക്കായി ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. എന്നാൽ ഈ ആരാധകരെയെല്ലാം നിരാശയിലാഴ്ത്തുന്ന വെളിപ്പെടുത്തലാണ് ബിടിഎസ് ഇപ്പോൾ നടത്തിയിരിക്കുന്നത്. അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ചിരിക്കുകയാണ് കെ പോപ്പ് താരങ്ങൾ. 

വ്യക്തിഗത കരിയർ പിന്തുടരുന്നതിന് വേണ്ടിയാണ് ഇടവേള എടുക്കുന്നതെന്നാണ് ബിടിഎസ് അറിയിച്ചിരിക്കുന്നത്. ബാൻഡ് രൂപീകരിച്ച് ഒൻപത് വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്ന് 'ഫെസ്റ്റ 2022ന്' ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം. തങ്ങൾ എന്നെങ്കിലും മടങ്ങിവരുമെന്നും സംഘം ആരാധകരോട് പറഞ്ഞു. സംഘാംഗങ്ങൾ വികാരഭരിതരാകുകയും ചെയ്യുന്നുണ്ട്. കുറച്ചു കാലത്തിനു ശേഷം ബിടിഎസ് വീണ്ടും ഒരുമിക്കുമെന്നും കൂടുതൽ ആർജ്ജവത്തോടെ തിരികെ വരുമെന്നും ബാൻഡ് അംഗം ജംഗൂക് ഉറപ്പു നൽകുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയ 'ഡൈനമൈറ്റ്' എന്ന മ്യൂസിക് വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗം തീർക്കാൻ ബിടിഎസിന് സാധിച്ചിരുന്നു. ഈ മ്യൂസിക് വീഡിയോയിലൂടെ തങ്ങളുടെതന്നെ മുന്‍ റെക്കോര്‍ഡാണ് ബിടിഎസ് മറികടന്നത്.

ബാങ്താൻ സൊന്യോന്ദാൻ അഥവാ ബുള്ളറ്റ് പ്രൂഫ് ബോയ് സ്കൗട്ട്സ് (BTS) എന്നാണ് ബിടിഎസിന്റെ പൂര്‍ണ്ണരൂപം. ആർഎം, ജെ-ഹോപ്പ്, ജിൻ, സുഗ, പാർക്ക് ജി-മിൻ, വി, ജംഗ്കൂക്ക് എന്നിവരാണ് ഇതില്‍ അംഗങ്ങള്‍. ഇതില്‍ ജിൻ വരുന്ന ഡിസംബറില്‍ 30 വയസ് തികയുകയാണ്. ഡിസംബര്‍ 4നാണ് ഇത്. അതിനാല്‍ തന്നെ ഇദ്ദേഹം ദക്ഷിണകൊറിയയിലെ നിയമം അനുസരിച്ച് നിര്‍ബന്ധിത സൈനിക സേവനത്തിന് പോകേണ്ടിവരും എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 

Related News