തകില്‍ വിദ്വാന്‍ കരുണാമൂര്‍ത്തി അന്തരിച്ചു

  • 15/06/2022

കോട്ടയം: പ്രശസ്ത തകില്‍ വിദ്വാന്‍ കരുണാമൂര്‍ത്തി അന്തരിച്ചു. 54 വയസ്സായിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് 2.50 നാണ് അന്ത്യം. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോട്ടയം വൈക്കം ചാലപ്പറമ്പ് സ്വദേശിയാണ്.


തകില്‍ വാദ്യത്തെ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ കലാകാരനാണ്. വൈക്കം ക്ഷേത്രകലാപീഠം അധ്യാപകനായിരുന്നു. കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന്‍ പദവി നേടിയിട്ടുണ്ട്. തകിലില്‍ കീര്‍ത്തനങ്ങള്‍ വായിക്കുന്നതിലൂടെ ആസ്വാദക മനം കവര്‍ന്ന കലാകാരനാണ് കരുണാമൂര്‍ത്തി. രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളില്‍ കലാപ്രകടനം നടത്തിയിട്ടുണ്ട്.

ശ്രീലത മൂര്‍ത്തിയാണ് ഭാര്യ. ആതിര മൂര്‍ത്തി, ആനന്ദ് മൂര്‍ത്തി എന്നിവര്‍ മക്കളാണ്. മരുമകന്‍ മനു ശങ്കര്‍. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന്.
കരുണാമൂര്‍ത്തിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. രാജ്യാന്തര തലത്തില്‍ നിരവധി വേദികളില്‍ കലാപ്രകടനം നടത്തി ശ്രദ്ധേയനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Related News