ട്വിറ്ററില്‍ വരുമാനത്തേക്കാള്‍ ചിലവ് കൂടുതലെന്ന് ഇലോണ്‍ മസ്‌ക്; പിരിച്ചുവിടല്‍ ആശങ്കയില്‍ജീവനക്കാര്‍

  • 16/06/2022

ന്യൂയോര്‍ക്ക്:  ട്വിറ്ററിന് ഇപ്പോള്‍ ചെലവുകള്‍ വരുമാനത്തേക്കാള്‍ കൂടുതലാണെന്നും സാമ്പത്തിക ആരോഗ്യം കൈവരിക്കേണ്ടതുണ്ടെന്നും ഇലോണ്‍ മസ്‌ക്. ആദ്യമായി ട്വിറ്റര്‍ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇലോണ്‍ മസ്‌ക് ഇക്കാര്യം പറഞ്ഞത്. 


മസ്‌കിന്റെ വാക്കുകള്‍ ട്വിറ്ററിലെ ജോലി വെട്ടികുറക്കലിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നത്. ഭാവിയില്‍ പിരിച്ചുവിടലുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ എന്ന ജീവനക്കാരുടെ ചോദ്യത്തിന്, അത് സാഹചര്യങ്ങള്‍ അനുസരിച്ചിരിക്കുമെന്നും കമ്പനിക്ക് ആരോഗ്യം ലഭിക്കേണ്ടതുണ്ടെന്നുമാണ് മസ്‌ക് മറുപടി നല്‍കിയത്.

ആളുകളുടെ എണ്ണം കുറച്ച് യുക്തിസഹമാക്കേണ്ടതുണ്ടെന്നും അല്ലെങ്കില്‍ ഭാവിയില്‍ ട്വിറ്ററിന് വളരാന്‍ കഴിയില്ലെന്നും മസ്‌ക് പറഞ്ഞു. വര്‍ക്ക് ഫ്രം ഹോം സെറ്റപ്പ്, ബൈഔട്ട് ഡീല്‍ എന്നിവയെക്കുറിച്ചും മീറ്റിംഗില്‍ മസ്‌ക് സംസാരിച്ചു.

ഇപ്പോള്‍ പിരിച്ചുവിടല്‍ പദ്ധതിയിലില്ലെന്ന് സിഇഒ പരാഗ് അഗര്‍വാള്‍ മുമ്പ് ട്വിറ്റര്‍ ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.ട്വിറ്റര്‍ കരാര്‍ നിലവില്‍ വന്നാല്‍, മസ്‌ക് അഗര്‍വാളിനെ പുറത്താക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജോലി നഷ്ടപ്പെടുമെന്ന ഭയമില്ലെന്നാണ് പരാഗിന്റെ നിലപാട്.

Related News