അശ്ലീല വീഡിയോ ആരോപണത്തില്‍ ഇ.പി ജയരാജനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വി.ഡി സതീശന്‍

  • 19/06/2022

കൊച്ചി: വാ തുറന്നാല്‍ അബദ്ധം മാത്രം പറയുന്ന ജയരാജന്‍ യു.ഡി.എഫിന്റെ ഐശ്വര്യമാണെന്നും അശ്ലീല വീഡിയോ തയ്യാറാക്കിയതിന് പിറകില്‍ താനാണെന്നുള്ള ജയരാജന്റെ ആരോപണത്തില്‍ നിയമ നടപടിയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

വിമാനത്തിലെ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി വിമാനത്തിലുണ്ടെന്ന് ആദ്യം പറയുക, പ്രതിഷേധക്കാര്‍ മദ്യപിച്ചെന്ന് പറയുക. പിന്നെ അതൊക്കെ മാറ്റിപ്പറയുക, അങ്ങനെ മാറ്റി മാറ്റി പറയുന്ന ജയരാജന്‍ ഞങ്ങള്‍ക്ക് അനുകൂലമായി കാര്യങ്ങളെകൊണ്ടുവരാന്‍ പറ്റുന്നയാളാണ്. തെരഞ്ഞെടുപ്പിലെ ക്ഷീണം മാറ്റാനാണ് ഇപ്പോള്‍ അദ്ദേഹം ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ പ്രവാസി സ്നേഹം സമ്പന്നരോട് മാത്രമാകരുത്. പാവങ്ങളായ പ്രവാസികളുമുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി കാരണം പ്രവാസികള്‍ ആത്മഹത്യ ചെയ്തല്ലോ. അന്നൊന്നും മുഖ്യമന്ത്രിയുടെ പ്രവാസി സ്‌നേഹം കേരളം കണ്ടില്ല. സംസ്ഥാനത്ത് വ്യാപകമായി സി.പി.ഐ.എം കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. എല്ലാ നിയമങ്ങളും ലംഘിച്ച് ഭരണകക്ഷി അഴിഞ്ഞാടുന്നത് കേരള ചരിത്രത്തില്‍ ആദ്യമായാണെന്നും സതീശന്‍ പറഞ്ഞു.
പിണറായി വിജയന്റെ ഭരണകാലത്ത് അവതാരങ്ങളെ മുട്ടിനടക്കാന്‍ വയ്യാതെയായി. ഷാജ് കിരണ്‍ ഒമ്പതാമത്തെ അവതാരമാണ്. മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പുകേസില്‍ ആരോപണവിധേയയായ പ്രവാസി വനിത അനിത പുല്ലയില്‍ ലോകകേരള സഭയില്‍ എത്തിയതില്‍ എങ്ങനെയാണെന്നും സതീശന്‍ ചോദിച്ചു.


Related News