വീട്ടിലെത്തി കയറിപ്പിടിക്കാന്‍ ശ്രമിച്ചയാളെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു; വീട്ടമ്മ അറസ്റ്റില്‍

  • 21/06/2022

കൊട്ടാരക്കര: വീട്ടിലെത്തി കയറിപ്പിടിക്കാന്‍ ശ്രമിച്ചയാളെ വീട്ടമ്മ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ സ്ത്രീയെ പോലീസ് അറസ്റ്റുചെയ്തു. കൊട്ടാരക്കര ആനക്കോട്ടൂര്‍ കുളത്തുംകരോട്ട് വീട്ടില്‍ ശശിധരന്‍പിള്ള (50)യ്ക്കാണ് തലയ്ക്ക് അടിയേറ്റത്. സംഭവത്തില്‍ കൂടല്‍ നെല്ലിമുരുപ്പ് വീട്ടില്‍ രജനിയെ (43) അറസ്റ്റ് ചെയ്തു.

ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഇദ്ദേഹത്തെ കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

ഭര്‍ത്താവ് ഉപേക്ഷിച്ച രജനി മകന്റെ കൂടെയാണ് താമസിച്ചിരുന്നത്. ശശിധരന്‍പിള്ള ഇടയ്ക്ക് രജനിയുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഞായറാഴ്ച രജനി ഉറക്കമില്ലായ്മയ്ക്ക് മരുന്ന് കഴിച്ചിരിക്കുന്ന സമയത്ത് ഇവിടെ എത്തിയ ശശിധരന്‍പിള്ള കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോഴാണ് കമ്പിവടി ഉപയോഗിച്ച് രജനി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. 
വീട്ടിലെത്തിയ രജനിയുടെ മകനാണ് വിവരം അയല്‍ക്കാരെ അറിയിച്ചത്. രജനിയെ റിമാന്‍ഡ് ചെയ്തു.

Related News