അഫ്ഗാനിസ്താനില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു

  • 22/06/2022

കാബൂള്‍: അഫ്ഗാനിസ്താനില്‍ ഇന്നലെ രാത്രിയുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 1000 കടന്നു. 920 പേര്‍ മരിച്ചതായാണ് താലിബാന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. 600-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.അഫ്ഗാന്‍ പ്രകൃതി ദുരന്ത നിവാരണ സഹമന്ത്രി മൗലവി ഷറഫുദ്ദീന്‍ കാബൂളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തെ ഉദ്ധരിച്ചാണ് വാര്‍ത്താ ഏജന്‍സികള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത്. ഭൂചലന ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ച് രക്ഷപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭൂചലനം അയല്‍രാജ്യമായ പാകിസ്താന്റെ അതിര്‍ത്തിപ്രദേശങ്ങളിലും ചെറിയ രീതിയില്‍ നാശനഷ്ടങ്ങളുണ്ടാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

Related News