ഞാനാണ് ഭരിച്ചിരുന്നതെങ്കില്‍ ഇങ്ങനെയൊരു സംഭവം നടക്കില്ലായിരുന്നുവെന്ന് വി. മുരളീധരന്‍

  • 01/07/2022

തിരുവനന്തപുരം: എ.കെ.ജി സെന്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ സംഭവം ഉണ്ടായത് കേരള സര്‍ക്കാരിന്റെ കഴിവില്ലായ്മ കൊണ്ടാണെന്നാണ് വി. മുരളീധരന്‍. സംഭവത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ താനല്ല കേരളം ഭരിക്കുന്നതെന്നും താനാണ് കേരളം ഭരിച്ചിരുന്നതെങ്കില്‍ ഈ സംഭവം നടക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടുപിടിക്കുന്നത് ഭരണത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. അതല്ലാതെ ഇന്നയാളാണ് മറ്റേയാളാണ് എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല.

ഇ.പി. ജയരാജന്‍ പറയേണ്ടത് അദ്ദേഹത്തിന്റെ നേതാവിന് ഭരണം നടത്താന്‍ കഴിവില്ലെന്നാണ്. അതുപറയാന്‍ ഇ.പി. ജയരാജന് തന്റേടമുണ്ടെങ്കില്‍ അത് പറയണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിന്റെ മൂക്കിന് താഴെ, മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഒരാള്‍ രാത്രി 11.30-ന് വരുന്നു. തിരുവനന്തപുരത്തെ പൊലീസ് നിരീക്ഷണം ഇത്ര ദുര്‍ബലമാണോ? ഇന്റലിജന്‍സ് വിഭാഗം ഇത്ര ദുര്‍ബലമാണോ?


ഇത് അന്വേഷിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് ഭരിക്കാന്‍ അര്‍ഹതയില്ല. ഭരണം എന്നാല്‍, പ്രസ്താവനയിറക്കലും ബോര്‍ഡ് വെക്കലുമല്ല. അത് ജനങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പുവരുത്തലാണ്. അതില്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

Related News