ചെങ്കടലിൽ സ്രാവിന്റെ ആക്രമണത്തിൽ രണ്ടു സ്ത്രീകൾ മരിച്ചു

  • 06/07/2022

ചെങ്കടലിൽ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തിൽ രണ്ടു സ്ത്രീകൾ മരിച്ചതായി ഈജിപ്ഷ്യൻ പരിസ്ഥിതി മന്ത്രാലയം. ദക്ഷിണ ചെങ്കടലിന്റെ ഭാഗമായ ഹുർഘാട എന്ന പ്രദേശത്താണ് സംഭവം. ഓസ്ട്രിയ, റുമേനിയ എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് സ്രാവിന്റെ ആക്രമണത്തിൽ മരിച്ചത് 

മരിച്ചവരിൽ ഒരാൾ ഓസ്ട്രിയയിലെ ടൈറോള്‍ സ്വദേശിയാണ്. 68 വയസ്സുണ്ട്. അവധി ആഘോഷിക്കുന്നതിനായി ഈജിപ്തിൽ എത്തിയതായിരുന്നു ഇവർ. സ്ത്രീയുടെ മരണം ഓസ്ട്രിയൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. സ്രാവിന്റെ ആക്രമണത്തിൽ റുമേനിയൻ സ്വദേശിയായ യുവതിയും മരിച്ചതായി റുമേനിയൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

നേരത്തെ സ്രാവിന്റെ ആക്രമണത്തിൽ ഒരു വിനോദ സഞ്ചാരിയുെട ഇടതുകൈ നഷ്ടമായിരുന്നു. തുടർന്ന് ചെങ്കടലിന്റെ ഭാഗമായ ചില തീരങ്ങളിൽ സഞ്ചാരികൾക്കു വിലക്കേർപ്പെടുത്തിയിരുന്നു. ഈ വിലക്കു മറികടന്ന് സഞ്ചാരികൾ കടലിലിറങ്ങാറുണ്ടെന്നും ഇത് അപകട സാധ്യത വർധിപ്പിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 

ചെങ്കടലിൽ സ്രാവുകൾ ധാരാളമുണ്ട്. പക്ഷേ, അവ സാധാരണയായി ആക്രമണകാരികളാകാറില്ല. 2015ലും 2018ലും കടലിലിറങ്ങിയ സഞ്ചാരികൾക്കു നേരെയും സ്രാവിന്റെ ആക്രമണമുണ്ടായിട്ടുണ്ട്. 

Related News