രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ മുഴുവന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും ജാമ്യം

  • 06/07/2022

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ എം.പി ഓഫീസ് ആക്രമിച്ച കേസില്‍ റിമാന്റിലായിരുന്ന 29 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ജാമ്യം ലഭിച്ചു. കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റായിരുന്ന ജോയല്‍ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, എന്നിവരും മൂന്ന് വനിതാ പ്രവര്‍ത്തകരും അടക്കം 29 പേരാണ് ജൂണ്‍ 26 ന് അറസ്റ്റിലായത്. 

ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തത്.സംഭവം വിവാദമായതോടെ എസ് എഫ് ഐയുടെ വയനാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വം ഇടപെട്ട് പിരിച്ചു വിട്ടിരുന്നു. പകരം ചുമതല അഡ്‌ഹോക്ക് കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. താത്കാലിക നടത്തിപ്പിനായി ഏഴ് പേരടങ്ങിയ അഡ്‌ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചത്. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി യോഗമാണ് വയനാട്ടില്‍ കര്‍ശന നടപടിക്ക് തീരുമാനിച്ചത്. ദേശീയ തലത്തില്‍ വരെ വിവാദമായ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് സിപിഎം നേതൃത്വം എസ് എഫ് ഐയോട് ആവശ്യപ്പെട്ടിരുന്നു.

രാഹുല്‍ ഗാന്ധി എം പിയുടെ വയനാട് കല്‍പറ്റയിലെ ഓഫീസ് ആക്രമണക്കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കിയാണ് എസ് പിയുടെ റിപ്പോര്‍ട്ട്. ഓഫീസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ് എഫ് ഐ പ്രവര്‍ത്തകരല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ് എസ് പി റിപ്പോര്‍ട്ട് തയാറാക്കിയത്. തെളിവായി ഫോട്ടോകളും റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. എസ് എഫ് ഐ പ്രവര്‍ത്തകര്‍ കസേരയില്‍ വാഴ വയ്ക്കുന്ന സമയത്ത് ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. അതിനുശേഷം ചിത്രം ആദ്യം തറയില്‍ കാണുന്നത് കമഴ്ത്തിയിട്ട നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എം പി ഓഫിസിലെ എസ് എഫ് ഐ ആക്രമണത്തിന് ശേഷം ഗാന്ധി ചിത്രം എസ് എഫ് ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചു എന്നായിരുന്നു ഉയര്‍ന്ന ആരോപണം. പൊലീസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപണ മുനയിലായി. എന്നാല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ സമയത്തെ പൊലീസുദ്യോഗസ്ഥരും നേതാക്കളും തമ്മില്‍ എംപി ഓഫീസിനകത്ത് വെച്ച് സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ് റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതൃത്വം അവിശ്വാസം ഉന്നയിച്ചു.

Related News