ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു

  • 07/07/2022

ലണ്ടന്‍: ബ്രിട്ടണില്‍ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. പുതിയ നേതാവിനെ തെരഞ്ഞെടുക്കും വരെ സ്ഥാനത്ത് തുടരുമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. രാജി പ്രഖ്യാപനത്തോടെ മൂന്നു വര്‍ഷം നീണ്ട വിവാദഭരിതമായ ഭരണത്തിനാണ് അന്ത്യമായിരിക്കുന്നത്. തുടര്‍ച്ചയായി വിവാദങ്ങളില്‍ കുടുങ്ങിയ ബോറിസ് ജോണ്‍സനോട് വിയോജിച്ച് ഭൂരിപക്ഷം മന്ത്രിമാരും രാജിവെച്ചതോടെയാണ് പടിയിറക്കം.

പിടിച്ചു നില്‍ക്കാന്‍ കഴിവതും നോക്കിയെങ്കിലും സ്വന്തം മന്ത്രിമാരുടെ കൂട്ടരാജിക്ക് മുന്നില്‍ പ്രധാനമന്ത്രിക്ക് അടിപതറി. മൂന്നില്‍ രണ്ടു ബ്രിട്ടീഷുകാരും ബോറിസ് ജോണ്‍സനെ ഇനി പ്രധാമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നില്ല എന്ന സര്‍വേകള്‍ കൂടി പുറത്ത് വന്നതോടെയാണ് അധികാരമൊഴിയാല്‍. ഒക്ടോബറില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കും. അതുവരെ കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയായി ജോണ്‍സണ്‍ തുടരും. മുതിര്‍ന്ന മന്ത്രിമാരായ ഋഷി സുനക്കും സാജിദ് ജാവിദും രാജിവച്ചതോടെയാണ് ബോറിസ് ജോണ്‍സന്റെ കസേര ഇളകിയത്. പിന്നാലെ മന്ത്രിമാരുടെ കൂട്ടരാജിതന്നെ ഉണ്ടായി. ഇന്ന് മാത്രം രാജിവെച്ചത് ആറു മന്ത്രിമാരാണ്. ബോറിസ് ജോണ്‍സന്റെ രാജി പ്രഖ്യാപനത്തെ ഭരണ - പ്രതിപക്ഷ വ്യത്യസമില്ലാതെ നേതാക്കള്‍ സ്വാഗതം ചെയ്തു.

രാജ്യം മുഴുവന്‍ കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് അടച്ചിരിക്കുമ്പോള്‍ അതിന് തരിമ്പും വില കല്‍പ്പിക്കാതെ ബോറിസ് ജോണ്‍സണ്‍ നിശാ വിരുന്നുകള്‍ നടത്തിയത് വിവാദമായിരുന്നു. നിരവധി ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ചീഫ് വിപ്പിന്റെ കസേരയില്‍ നിയമിച്ചു. ഓരോ ക്രമക്കേട് പുറത്തുവന്നപ്പോഴും ബോറിസ് ജോണ്‍സണ്‍ അതെല്ലാം നിഷേധിച്ചു. പിന്നീട രേഖകളും ചിത്രങ്ങളും തെളിവായപ്പോള്‍ മാപ്പു പറഞ്ഞ് തടിയൂരി. നിരന്തരമായ ഈ വിവാദപ്പെരുമഴയില്‍ മനം മടുത്താണ് മന്ത്രിമാര്‍ കൂട്ടത്തോടെ ഇറങ്ങിപ്പോയത്. കൂടുതല്‍ മാന്യതയും ഉത്തരവാദിത്തവുമുള്ള ഒരു പ്രധാനമന്ത്രിയെ ബ്രിട്ടീഷ് ജനത അര്‍ഹിക്കുന്നുവെന്നാണ് രാജിക്കത്തില്‍ മുതിര്‍ന്ന മന്ത്രിമാര്‍ പറഞ്ഞുവെച്ചത്.



Related News