ദുബായിലേക്ക് കടക്കാൻ ശ്രമിച്ച് ബേസിൽ രാജ‌പക്സെ; തടഞ്ഞ് വിമാനത്താവള അധികൃതർ

  • 12/07/2022


കൊളംബോ: രാജ്യത്ത് പ്രതിഷേധം കൊടുമ്പിരിക്കൊണ്ടിരിക്കെ ദുബായിലേക്കു കടക്കാൻ ശ്രമിച്ച ശ്രീലങ്കൻ മുൻ ധനമന്ത്രി ബേസിൽ രാജപക്‌സെയെ വിമാനത്താവളത്തിൽ തടഞ്ഞതായി റിപ്പോർട്ട്. പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ സഹോദരനായ ബേസിൽ, ചൊവ്വാഴ്ച രാവിലെ കൊളംബോ രാജ്യാന്തര വിമാനത്താവളത്തിലെ വിഐപി ടെർമിനൽ വഴി രാജ്യംവിടാൻ ശ്രമിക്കുന്നതിനിടെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടയുകയായിരുന്നെന്നാണ് വിവരം.

പുലർച്ചെ 12.15ന് ചെക്ക്-ഇൻ കൗണ്ടറിലെത്തിയ ബേസിൽ, 3.15 വരെ അവിടെയുണ്ടായിരുന്നു. എമിഗ്രേഷൻ ഉദ്യോഗസ്ഥർ അദ്ദേഹത്തെ തിരിച്ചറിഞ്ഞതോടെ യാത്രാനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് ബേസിലിനു മടങ്ങി പോകേണ്ടി വന്നു.

അതേസമയം, ബേസിൽ രാജപക്‌സെ ഇന്ത്യയിലേക്ക് എത്തുമെന്ന റിപ്പോർട്ട് കേന്ദ്രസർക്കാർവൃത്തങ്ങൾ നിഷേധിച്ചു. ബുധനാഴ്ച രാജിക്കൊരുങ്ങുന്ന പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ ഇന്ത്യയിലുണ്ടെന്ന വാർത്തയും അവർ തള്ളി. ശ്രീലങ്കയിലെ ഉന്നത നേതാക്കൾക്ക് വിദേശത്തേയ്ക്ക് കടക്കാൻ കഴിയില്ലെന്ന് അവർ സൂചിപ്പിച്ചു.

മാസങ്ങളായി വൻ സാമ്പത്തിക പ്രതിസന്ധിക്കു നടുവിലായിരുന്ന ശ്രീലങ്കയിൽ, കഴിഞ്ഞയാഴ്ച പ്രതിഷേധക്കാർ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയതോടെയാണ് പ്രതിഷേധം പാരമ്യത്തിലെത്തിയത്. രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് പ്രസിഡന്റിനെ വസതിയിൽനിന്നു മാറ്റിയിരുന്നു.

രാജ്യവിടുന്നതിനായി വിമാനത്താവളത്തിലെത്തിയ പ്രസിഡന്റിനും യാത്രാനുമതി നിഷേധിച്ചിരുന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തിരുന്നു. വിഐപി ടെർമിനൽ വഴി പോകാനുള്ള നീക്കമാണ് എമിഗ്രേഷൻ വിഭാഗം തടഞ്ഞത്. യുഎഇയിലേക്കുള്ള വിമാനത്തിൽ പോകാൻ സാധിക്കാതിരുന്നതോടെ വിമാനത്താവളത്തിനു സമീപമുള്ള സൈനിക താവളത്തിൽ പ്രസിഡന്റും ഭാര്യയും രാത്രി ചെലവഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഗോട്ടബയ പുറംകടലിൽ നാവികക്കപ്പലിലുണ്ടെന്നാണ് അഭ്യൂഹം.

Related News