ഗോതബായ രാജപക്‌സെ മാലദ്വീപില്‍ എത്തിയതായി സൂചന

  • 13/07/2022

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ സൈനിക വിമാനത്തില്‍ മാലദ്വീപില്‍ എത്തിയതായി സൂചന. അദ്ദേഹത്തിനൊപ്പം ഭാര്യയും അംഗരക്ഷകരും ഉള്‍പ്പെടെ നാലുപേരുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഗോതാബയ രാജ്യംവിട്ടതെന്നാണ് റിപ്പോര്‍ട്ട്. ഗോതാബയയുടെ രാജി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.

മാലദ്വീപില്‍ എത്തിയ രാജപക്സെ പോലീസ് അകമ്പടിയോടെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയതായി മാലദ്വീപ് അധികൃതര്‍ വെളിപ്പെടുത്തി.ചൊവ്വാഴ്ച ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ഗോതാബയയെ വിമാനത്താവളത്തില്‍ ഉദ്യേഗസ്ഥര്‍ തടഞ്ഞുവെച്ചിരുന്നു. ബന്ദാരനായികെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വി.ഐ.പി. ക്യൂ ഉപയോഗിച്ച് രജപക്‌സെയുടെയും കുടുംബാംഗങ്ങളുടേയും പാസ്‌പോര്‍ട്ട് സ്റ്റാമ്പ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇമിഗ്രേഷന്‍ ജീവനക്കാര്‍ തടഞ്ഞു. പൊതുജനങ്ങളുടെ പ്രതിഷേധം ഭയന്ന് സാധാരണക്കാരുടെ ക്യൂ ഉപയോഗിക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല. ഇത്തരത്തില്‍ യു.എ.ഇയിലേക്കുള്ള നാല് വിമാനങ്ങളില്‍ കയറികൂടാനുള്ള രാജപക്‌സെയുടെ ശ്രമങ്ങള്‍ വിമാനത്താവള ജീവനക്കാര്‍ തടഞ്ഞുവെന്ന് ശ്രീലങ്കന്‍ അധികൃതര്‍ പറഞ്ഞു.

ശ്രീലങ്കയിലെ മറ്റൊരു വിമാനത്താവളത്തില്‍നിന്ന് വിമാനം കയറാനും നേരത്തെ ഗോതാബയ ശ്രമം നടത്തിയിരുന്നു. ഇതിനിടെ ശ്രീലങ്കന്‍ സൈനിക വിമാനത്തില്‍ ഇന്ത്യയിലേക്ക് എത്താന്‍ നോക്കിയെങ്കിലും ഇന്ത്യന്‍ അധികൃതര്‍ ഇതിന് അനുമതി നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. യു.എസ്. സന്ദര്‍ശക വിസ നല്‍കാനും യു.എസ്. എംബസി വിസമ്മതിച്ചുവെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related News