ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

  • 13/07/2022

കൊളംബോ: പ്രസിഡന്റ് രാജ്യംവിടുകയും രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുകയും ചെയ്യുന്ന ശ്രീലങ്കയില്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. 

ലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ ബുധനാഴ്ച രാവിലെയാണ് രാജ്യംവിട്ടത്. മാലദ്വീപിലേക്കാണ് ഇദ്ദേഹവും ഭാര്യയും രണ്ട് അംഗരക്ഷകരും കടന്നത്.അതേസമയം, രാജപക്സെ രാജ്യംവിട്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അദ്ദേഹം ഉടന്‍ രാജിവെക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി. പ്രതിഷേധവുമായി വന്‍ജനക്കൂട്ടമാണ് വിക്രമസിംഗെയുടെ വീടിനു മുന്നില്‍ പ്രതിഷേധവുമായി എത്തിച്ചേര്‍ന്നത്. പോലീസ് പ്രതിഷേധക്കാര്‍ക്കുനേരെ ലാത്തിവീശി. പ്രധാനമന്ത്രിയുടെ വസതിയുടെ മതിലില്‍ കയറാന്‍ ശ്രമിച്ചവര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു.

മാലദ്വീപിലെത്തിയ ഗോതാബയയെയും ഒപ്പമുള്ളവരെയും പോലീസ് സുരക്ഷയോടെ രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നാണ് വിവരം. ഗോതാബയ രാജപക്സയുടെ അനിയനും മുന്‍ധനമന്ത്രിയുമായിരുന്ന ബേസില്‍ രാജപക്സെയും രാജ്യംവിട്ടെന്നാണ് സൂചന.

Related News