പൊടിക്കാറ്റിൽ മുങ്ങി ചൈനയുടെ വടക്ക്-പടിഞ്ഞാറൻ പ്രദേശം

  • 26/07/2022




തവിട്ട് നിറമുള്ള പൊടിയിൽ മുങ്ങി ചൈനയുടെ വടക്ക്-പടിഞ്ഞാറൻ പ്രദേശം. കഴിഞ്ഞയാഴ്ച ക്വിങ്ഹായ് പ്രവിശ്യയിലെ ഹൈക്സി മംഗോളിയൻ, ടിബറ്റൻ സ്വയംഭരണ പ്രദേശത്ത് കനത്ത കാറ്റ് വീശിയടിച്ചതിനെ തുടർന്നാണ് സംഭവം. അതിഭയങ്കരമായ കാറ്റും തുടർന്ന് പൊടിയും ജനവാസമേഖലകളിലേക്ക് നീങ്ങുന്നതും അവിടെയുള്ള കെട്ടിടങ്ങളെയും കാറുകളെയും എല്ലാം പൊതിയുന്നതും സൂര്യനെ പോലും കാണാനാവാത്തതും എല്ലാം ഇവിടെ നിന്നും പ്രചരിച്ച വീഡിയോയിൽ വ്യക്തമാണ്. 

ചില സ്ഥലങ്ങളിൽ 200 മീറ്ററിനപ്പുറത്തേക്ക് ഒന്നും കാണാൻ പറ്റാത്ത അവസ്ഥയും ഉണ്ടായി എന്ന് സൗത്ത് ചൈന മോണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ക്വിങ്ഹായ് പ്രവിശ്യയുടെ ചില ഭാഗങ്ങൾ സാധാരണയായി വരണ്ടു തന്നെ കിടക്കുന്നതാണ്. 'അക്യുവെതർ' പറയുന്നതനുസരിച്ച്, ക്വിങ്ഹായ് പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ ഭാ​ഗത്തെ മരുഭൂമിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ചൈനയുടെ പടിഞ്ഞാറൻ ഭാഗത്ത് ഇടിമിന്നലുണ്ടായതിനാൽ ഈ വരണ്ട പ്രദേശങ്ങളിൽ നിന്നുള്ള മണൽ വായുവിലേക്ക് ഉയർന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ഇവർ പറയുന്നു.

നാല് മണിക്കൂർ നേരത്തേക്കാണ് മണൽക്കാറ്റ് നീണ്ടുനിന്നത്. ഇതിന്റെ ഭാ​ഗമായി ഇതുവരെ പരിക്കുകളൊന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല എന്നും ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

Related News