അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പിൻവാങ്ങുമെന്ന് പ്രഖ്യാപിച്ച് റഷ്യ

  • 26/07/2022




കീവ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പിൻവാങ്ങുമെന്ന് പ്രഖ്യാപിച്ച് റഷ്യ. 2024 ന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയ പദ്ധതിയിൽ പങ്കാളിയാകില്ല എന്ന് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസിന്‍റെ പുതിയ മേധാവി യൂരി ബോറിസോവ് പ്രഖ്യാപിച്ചു.

സ്വന്തം ബഹിരാകാശ നിലയം യാഥാർത്ഥ്യമാക്കുന്നതിലാണ് ഇനി ശ്രദ്ധകേന്ദ്രീകരിക്കുകയെന്നാണ് റഷ്യൻ നിലപാട്. റഷ്യയുടെ പെട്ടെന്നുള്ള പ്രഖ്യാപനത്തിന് പിന്നിൽ യുക്രൈൻ ആക്രമണത്തെ തുടർന്നുണ്ടായ അന്താരാഷ്ട്ര ഉപരോധങ്ങൾ എന്നാണ് വിലയിരുത്തൽ. 

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ അമേരിക്ക റഷ്യൻ ബന്ധം കൂടുതൽ വഷളായപ്പോൾ അന്നത്തെ റോസ്കോസ്മോസ് മേധാവി റോഗോസിൻ ഐഎസ്എസിലെ സഹകരണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സമ്മർദ്ദ തന്ത്രമെന്നതിനപ്പുറം  നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റഷ്യ. അഞ്ച് ബഹിരാകാശ ഏജൻസികൾ ചേർന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം പരിപാലിക്കുന്നത്. 

നാസയ്ക്കും റോസ്കോസ്മോസിനും പുറമേ  കാനഡയുടെ സിഎസ്എയും (CSA), യൂറോപ്യൻ രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസിയായ ഈസയും (ESA), ജപ്പാന്റെ ജാക്സസയും പദ്ധതിയുടെ ഭാഗമാണ്. റഷ്യ നിയന്ത്രിക്കുന്ന റഷ്യൻ ഓർബിറ്റൽ സെഗ്മെൻറും അമേരിക്കയും മറ്റ് പങ്കാളി രാഷ്ട്രങ്ങളും ചേർന്ന് നിയന്ത്രിക്കുന്ന യുണൈറ്റ് സ്റ്റേറ്റ്സ് ഓർബിറ്റൽ സെഗ്മന്‍റും ചേർന്നതാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. 

Related News