ശക്തമായ കുത്തൊഴുക്കില്‍ ആനയ്ക്കും രക്ഷയില്ല; മണിക്കൂറുകള്‍ക്കൊടുവില്‍ കരപറ്റി

  • 02/08/2022

കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ ആന പോലും കുടുങ്ങിപ്പോകുന്ന സാഹചര്യമാണ് അതിരപ്പള്ളിയില്‍ ഇന്നുണ്ടായത്. ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട ആന മണിക്കൂറുകളുടെ പരിശ്രമത്തിന് ഒടുവിലാണ് കരകയറിയത്.

രാവിലെ ആറ് മണിയോടെയാണ് ആന പുഴയില്‍ കുടുങ്ങിയതായി പ്രദേശവാസികള്‍ കണ്ടത്. തുടര്‍ന്ന് അഞ്ച് മണിക്കൂറോളമാണ് ആന പുഴയില്‍ നിന്ന് കരകയറാനാകാതെ നിന്നത്. പുഴയില്‍ പലയിടത്തുമുണ്ടായിരുന്ന ചെറിയ പാറക്കെട്ടുകളില്‍ തട്ടിനിന്ന് ആന ഒഴുക്കിനെ അതിജീവിക്കുകയായിരുന്നു.  ഒടുവില്‍ പുഴയിലെ അതിശക്തമായ ഒഴുക്കിനെ മുറിച്ചുകടന്നാണ് ആന രക്ഷപ്പെട്ടത്.

അതിരപ്പിള്ളി പിള്ളപ്പാറയില്‍ ആണ് സംഭവം. പെരിങ്ങല്‍ക്കുത്ത് ഡാമില്‍നിന്ന് അധികജലം തുറന്നുവിട്ടതിനെത്തുടര്‍ന്ന് ഈ മേഖലയില്‍ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെയാണ് ആന മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിപ്പോയത്. രക്ഷപ്പെടാനായി തുമ്പിക്കൈകൊണ്ട് മുന്നിലുള്ള മരങ്ങളിലും ചെടികളിലുമെല്ലാം ആന പിടിക്കുന്നുണ്ടായിരുന്നു.

പിന്നീട് പുഴയ്ക്ക് നടുവിലെ തുരുത്തിലേക്ക് ആന എത്തിയെങ്കിലും ഒഴുക്ക് മൂലം കരയിലേക്ക് നീങ്ങാന്‍ കഴിയുന്നുണ്ടായിരുന്നില്ല. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുഴയിലെ തുരുത്തില്‍ നിന്ന് ആനയ്ക്ക് വനത്തിലേക്ക് കയറാനായത്. ജനവാസമേഖലയിലെ എണ്ണപ്പന കഴിക്കാനെത്തിയ കാട്ടാനക്കൂട്ടത്തില്‍പ്പെട്ട ആനയാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്.  

Related News