മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ടെന്ന് പിണറായിക്ക് എം.കെ സ്റ്റാലിന്റെ കത്ത്

  • 09/08/2022

ചെന്നൈ: മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തമിഴ്‌നാടിന് കൊണ്ടുപോകാന്‍ കഴിയുന്നതിന്റെ പരമാവധി വെള്ളം കൊണ്ടുപോകുന്നുണ്ട്. കേരളത്തിന് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് ഇപ്പോള്‍ ജലം തുറന്നു വിട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്റ കത്തിന് മറുപടിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. 

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 10400 ഘനയടിയായി ഉയര്‍ത്തിയിരുന്നു. ജനവാസ മേഖലയിലേക്ക് വെള്ളം കയറുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് 85 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ പെരിയാറിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 350 ക്യൂമെക്‌സ് ആയി ഉയര്‍ത്തി. വൃഷ്ടി പ്രദേശത്ത് പെയ്ത മഴയില്‍ നീരൊഴുക്ക് കനത്തത്തോടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കിയത്. സെക്കന്‍ഡില്‍ പതിനായിരത്തിലധികം ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുകിയെത്തിയതോടെ തീരത്തുള്ള വീടുകളില്‍ വെള്ളം കയറി. കൂടുതല്‍ വീടുകളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ വള്ളക്കടവ് മുതല്‍ വണ്ടിപ്പെരിയാര്‍ വരെ പെരിയാര്‍ തീരത്തുള്ളവരോട് മാറാന്‍ കര്‍ശന നിര്‍ദേശം നല്‍കി.

Related News