നിപ വൈറസിന്‍റെ ജനുസില്‍പ്പെട്ട പുതിയ വൈറസ് ചൈനയില്‍; 35 പേര്‍ക്ക് രോഗബാധ

  • 13/08/2022




മനുഷ്യരെ ബാധിക്കാവുന്ന ഒരു പുതിയ മൃഗജന്യ വൈറസ് ചൈനയിലെ രണ്ട് പ്രവിശ്യകളില്‍ കണ്ടെത്തി. ലാന്‍ഗ്യ ഹെനിപവൈറസ് അഥവാ ലേവി എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ വൈറസ് നിപ വൈറസിന്‍റെ ജനുസില്‍പ്പെട്ടതാണ്. ഈ വൈറസ് ബാധിച്ച 35 കേസുകള്‍ കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ്, മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യകളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

പനി, ക്ഷീണം, ചുമ, ശ്വാസംമുട്ടല്‍, പേശിവേദന, മനംമറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഈ വൈറസ് ബാധിതരില്‍ കണ്ടെത്തിയാതായി ലേവിയെ കുറിച്ച് പഠനം നടത്തുന്ന ചൈനയിലെയും സിംഗപ്പൂരിലെയും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത് വരെ ഈ വൈറസ് മൂലം മരണങ്ങളോ കടുത്ത രോഗാവസ്ഥയോ ഉണ്ടായിട്ടില്ലെന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.    

നിപ വൈറസുമായി മാത്രമല്ല ഹെന്‍ഡ്ര വൈറസുമായും ഹെനിപ വൈറസിന് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഷ്രൂകള്‍ എന്ന ഒരു തരം എലികളിലൂടെയാണ് ഹെനിപവൈറസ് പകരുന്നതെന്ന് കരുതുന്നു. തത്ക്കാലം ഈ വൈറസ് ഭീഷണി അല്ലെങ്കിലും സമാനമായ വൈറസുകള്‍ പ്രകൃതിയി ലുണ്ടെന്നും അവ മനുഷ്യരിലേക്ക് പടരാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.

Related News