ആർത്തവവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ വിതരണം സൗജന്യമാക്കിയ ആദ്യ രാജ്യമായി സ്‌കോട്ട്‌ലന്‍ഡ്

  • 15/08/2022


 

ആർത്തവവുമായി ബന്ധപ്പെട്ട് ഉൽപ്പന്നങ്ങൾ വാങ്ങാൻ മിക്ക സ്ത്രീകളും നല്ലൊരു തുകയാണ് ചെലവഴിക്കുന്നത്.
പണമില്ലാത്തതിനാൽ പാഡ് പോലും വാങ്ങാൻ കഴിയാത്ത നിരവധി പേരുണ്ടാകും നമ്മുക്കിടയിൽ.
ഇതെല്ലാം കണക്കിലെടുത്ത് ആർത്തവവുമായി ബന്ധപ്പെട്ട് ഉൽപ്പന്നങ്ങൾ സൗജന്യമാക്കിയിരിക്കുകയാണ് ഇപ്പോൾ സ്‌കോട്ട്‌ലൻഡ്.

ലോകത്ത് ഇത്തരമൊരു നീക്കം നടത്തുന്ന ആദ്യം രാജ്യം കൂടിയാണ് സ്‌കോട്ട്‌ലൻഡ്. ഇതിനായി നിമയനിർമാണവും നടത്തിക്കഴിഞ്ഞു. പിരീഡ് പ്രോഡക്‌ട് ആക്‌ട് പ്രാബല്യത്തിൽ വരുമ്പോൾ സ്‌കോട്ട്‌ലൻഡിലെ കൗൺസിലുകളും വിദ്യാഭ്യാസ ദാതാക്കളും സൗജന്യ സാനിറ്ററി ഉൽപ്പന്നങ്ങൾ ആവശ്യമുള്ള ആർക്കും ലഭ്യമാണെന്ന് ഉറപ്പാക്കാൻ നിയമപരമായി ആവശ്യപ്പെടും. നിലവിൽ സ്‌കൂളുകളിലും കോളജുകളിലും ആർത്തവ ഉൽപ്പന്നങ്ങൾ സൗജന്യമായി നൽകുന്നുണ്ട്.

ലേബർ എംഎസ്പി മോണിക്ക ലെനൻ ആദ്യം നിർദ്ദേശിച്ച നിയമനിർമ്മാണം 2020 ൽ സ്കോട്ടിഷ് പാർലമെന്റ് ഏകകണ്ഠമായി അംഗീകരിച്ചു. ലിംഗസമത്വവും തുല്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്ന് സാമൂഹിക നീതി സെക്രട്ടറി ഷോണ റോബിസൺ പറഞ്ഞു.

സ്‌കോട്ട്‌ലൻഡിലും ലോകമെമ്പാടും ഇതിനകം തന്നെ നല്ല മാറ്റങ്ങളെ സ്വാധീനിക്കുന്ന പിരീഡ് പ്രോഡക്‌ട്‌സ് ആക്‌റ്റിന് തുടക്കമിട്ടതിൽ അഭിമാനിക്കുന്നുവെന്ന് അവർ പറഞ്ഞു. ഫ്രീ പിരീഡ് ഉൽപ്പന്നങ്ങൾ ലഭ്യമാകാൻ നിയമപരമായ അവകാശം യാഥാർത്ഥ്യമാക്കാൻ പ്രാദേശിക അധികാരികളും പങ്കാളി സംഘടനകളും കഠിനമായി പരിശ്രമിച്ചു. അവരോടും രാജ്യത്തുടനീളം പങ്കാളികളായ ആയിരക്കണക്കിന് ആളുകളോടും നന്ദി പറയുന്നതായും റോബിസൺ പറഞ്ഞു.

ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ ദേശീയ സർക്കാരെന്ന നിലയിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. നിലവിൽ സ്‌കോട്ട്‌ലൻഡിലെ സ്‌കൂളുകളിലും കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ടാംപണുകൾ, പാഡുകൾ എന്നിവയ്ക്ക് ധനസഹായം നൽകുന്നു. സാമ്പത്തിക ബാധ്യതയുടെ പേരിൽ ഇനിയാർക്കും ആർത്തവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ കിട്ടാതിരിക്കില്ലെന്നു അവർ കൂട്ടിച്ചേർത്തു.

Related News