ജഡ്ജിക്കെതിരെ വിമര്‍ശനവുമായി വി.ഡി സതീശന്‍

  • 18/08/2022

തിരുവനന്തപുരം: സിവിക് ചന്ദ്രനെതിരായ പീഡനക്കേസില്‍ അതിജീവിതയ്ക്ക് എതിരായ കോടതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോടതിയുടെ പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും ഏത് കാലത്താണ് ഈ ജഡ്ജി ജീവിക്കുന്നതെന്നും വിഡി സതീശന്‍ ചോദിച്ചു. 

മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.'നീതി കൊടുക്കേണ്ട സ്ഥാപനങ്ങള്‍ ഇങ്ങനെ ചെയ്താല്‍ നീതിതേടി മനുഷ്യര്‍ എവിടേക്ക് പോകും. ഏത് കാലത്താണ് ഈ ജഡ്ജി ജീവിക്കുന്നത്? പത്തൊമ്പതാം നൂറ്റാണ്ടിലെ സ്‌പെയിനിലാണോ, അതോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പട്ടികജാതി വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും അവര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും വേണ്ടി പാര്‍ലമെന്റ് പാസാക്കിയ ഗൗരവതരമായ നിയമത്തെ ജുഡീഷ്യറി ചവിട്ടിയരയ്ക്കുന്ന കാഴ്ചയാണ് കോടതി പരാമര്‍ശത്തില്‍ കണ്ടതെന്നും ദൗര്‍ഭാഗ്യകരമായ പരാമര്‍ശത്തില്‍ ഹൈക്കോടതി ഇടപെടുമെന്നാണ് പ്രത്യാശിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.അതേസമയം സിവിക് ചന്ദ്രന്‍ കേസില്‍ അതിജീവിതയ്‌ക്കെതിരായ കോടതി പരാമര്‍ശത്തില്‍ ദേശീയ വനിതാ കമ്മീഷനും രംഗത്തെത്തിയിട്ടുണ്ട്. കോടതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടിക്ക് ആലോചിക്കുകയാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ വ്യക്തമാക്കി. റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നതും പരിഗണിക്കുന്നുണ്ട്. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കി കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങളെ കമ്മീഷന്‍ അപലപിച്ചു. കോടതിയുടെ പരാമശങ്ങള്‍ അതീവ ദൗര്‍ഭാഗ്യകരമെന്ന് രേഖ ശര്‍മ പറഞ്ഞു. വിധിയിലെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കോടതി അവഗണിച്ചുവെന്നും രേഖ ശര്‍മ കുറ്റപ്പെടുത്തി. കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് വിഷയത്തില്‍ ദേശീയ വനിത കമ്മീഷനും പ്രതികരിക്കുന്നത്.

Related News