ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅദനി സുപ്രീം കോടതിയിലേക്ക്

  • 21/08/2022

കോഴിക്കോട്:  ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജാമ്യത്തില്‍ ബാംഗ്ലൂരില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ന്നാസിര്‍ മഅ്ദനി തന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവു അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു.  2014 ല്‍ സുപ്രിം കോടതി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, അനുമതി ഇല്ലാതെ ബാംഗ്ലൂര്‍ നഗരപരിധി വിടരുത് തുടങ്ങി നിബന്ധനകളോടെ ജാമ്യം അനുവദിച്ചിരുന്നു.

പിന്നീട് ക്യന്‍സര്‍ രോഗബാധിതയായ  ഉമ്മയെ കാണുവാനും പിന്നീട് 2018 ല്‍ ഉമ്മയുടെ മരണസമയത്തും 2020-ല്‍ മൂത്തമകന്‍ ഉമര്‍മുഖ്ത്താറിന്റെ  വിവാഹത്തില്‍ പങ്കെടുക്കാനും സുപ്രീം കോടതിയുടെ അനുമതിയോടെ  കേരളത്തിലെത്തിയിരുന്നു. 2011 മുതല്‍ ബാംഗ്ലൂരിലെ സിറ്റി സിവില്‍ കോടതിയിലെ പ്രത്യേക കോടതിയില്‍ നടന്നുവരുന്ന വിചാരണ സര്‍ക്കാരുകള്‍ മാറുമ്പോള്‍ പ്രോസിക്യൂഷന്‍ അഭിഭാഷകരെ നിശ്ചയിക്കുന്നതിലെ കാലതാമസം,വിചാരണ കോടതിയിലെ ജഡ്ജിമാരുടെ സ്ഥലംമാറ്റം, സാക്ഷികളെ കൃത്യസമയത്ത് കോടതിയില്‍ ഹാജരാക്കുന്നതിലെ  വീഴ്ച, കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോടതികളുടെ അടച്ചിടല്‍ തുടങ്ങിയ വിവിധ കാരണങ്ങളാല്‍ പലപ്പോഴും മുടങ്ങിയിരുന്നു. വിചാരണ നടപടിക്രമങ്ങളുടെ പ്രധാന ഘട്ടം പൂര്‍ത്തിയായെങ്കിലും കര്‍ണാടക സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രിം കോടതിയില്‍ നല്‍കിയ പുതിയ ഹര്‍ജിയെ തുടര്‍ന്ന് വിചാരണ നടപടിക്രമങ്ങള്‍ ഇപ്പോള്‍ തടസപ്പെട്ടിരിക്കുകയാണ്.

കേസിലെ ചില പ്രതികള്‍ക്കെതിരെ വിചാരണ കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ചിലരേഖകള്‍ ഇന്ത്യന്‍ തെളിവ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളവയല്ല എന്ന  കാരണം പറഞ്ഞ് വിചാരണ കോടതി തള്ളിയിരുന്നു.  തുടര്‍ന്ന് സര്‍ക്കാര്‍ കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും   ഇന്ത്യന്‍ തെളിവ് നിയമം നിഷ്‌കര്‍ഷിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ ഇക്കാര്യത്തില്‍ പാലിക്കാത്തതിനാല്‍ സര്‍ക്കാരിന്റെ ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല എന്ന നിരീക്ഷണത്തോടെ ഹൈക്കോടതിയും പ്രസ്തുത ഹര്‍ജി തള്ളിയിരുന്നു.

Related News