തുറമുഖ നിര്‍മാണം നിര്‍ത്താനാവില്ലെന്ന് സര്‍ക്കാര്‍; വിഴിഞ്ഞം സമരക്കാരുമായുള്ള ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു

  • 24/08/2022

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം പരിഹരിക്കാനുള്ള രണ്ടാമത്തെ ചര്‍ച്ചയും പരാജയം. മന്ത്രിസഭാ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയാണ് പരാജയപ്പെട്ടത്.തുറമുഖ നിര്‍മാണം നിര്‍ത്താനാവില്ലെന്ന് സര്‍ക്കാര്‍ സമരക്കാരെ അറിയിച്ചു. സമരം തുടരുമെന്ന് പുരോഹിതര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണം കരുതിക്കൂട്ടിയുള്ളതായിരുന്നില്ല എന്ന് മന്ത്രിമാര്‍ അറിയിച്ചു എന്ന സഭാ നേതൃത്വം പറഞ്ഞു. 

അടിയന്തര പ്രമേയത്തിന്റെ പ്രത്യേക സാഹചര്യം മനസ്സിലാക്കണമെന്നും സമരസമിതിയോട് അഭ്യര്‍ത്ഥിച്ചു. മണ്ണെണ്ണയുടെ കാര്യത്തില്‍ ചര്‍ച്ച പോലും നടന്നില്ല. ചര്‍ച്ചകള്‍ തുടരും .മുഖ്യമന്ത്രിയുമായി ചര്‍ച്ച നടക്കും എന്ന് പ്രതീക്ഷിക്കുന്നതായും സമരസമിതി വ്യക്തമാക്കി. മന്ത്രിമാരായ വി.അബ്ദുറഹ്‌മാന്‍, ആന്റണി രാജു, ജില്ലാ കളക്ടര്‍, വികാരി ജനറല്‍ യൂജിന്‍ പെരേര, സമരസമിതി കണ്‍വീനര്‍ ഫാ. തിയൊഡോഷ്യസ് ഡിക്രൂസ് തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.കൂടിക്കാഴ്ചയില്‍ വിഴിഞ്ഞം സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങളും ചര്‍ച്ചയായി. മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ സമരസമിതിയിലെ സഭാ പ്രതിനിധികള്‍ കടുത്ത അമര്‍ഷമാണ് രേഖപ്പെടുത്തിയത്. വിഴിഞ്ഞം സമരം ആസൂത്രിതമാണെന്നും വിഴിഞ്ഞത്തുള്ളവരല്ല പുറത്ത് നിന്നും വന്നവരാണ് സമരം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞതാണ് സമരസമിതി പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്.

വിഴിഞ്ഞത്ത് ഇന്നും തുറമുഖത്തിനുള്ളില്‍ കടന്നു മത്സ്യ തൊഴിലാളികളുടെ സമരം നടന്നു. സമരക്കാരെ തടയാന്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളും തുറമുഖത്തിന്റെ ഗേറ്റും മറികടന്നാണ് സമരക്കാര്‍ ഉള്ളില്‍ കടന്നത്. കണ്ണാംതുറ, കൊച്ചുതോപ്പ്, വലിയതോപ്പ് മേഖലകളില്‍ നിന്നുള്ളവരാണ് ഇന്ന് സമരം നടത്തിയത്. സമരസ്ഥലത്ത് സമരക്കാര്‍ എത്തിയ വാഹനങ്ങളുടെ നമ്പര്‍ പൊലീസ് എഴുതിയെടുക്കാന്‍ ശ്രമിച്ചത് തര്‍ക്കത്തിന് ഇടയാക്കി. പൊലീസ് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു.

Related News