ഇറ്റലി സ്വദേശിക്ക് ഒരേസമയം എയ്ഡ്‌സും മങ്കിപോക്‌സും കോവിഡും; ലോകത്ത് ആദ്യം

  • 26/08/2022

റോം: ഇപ്പോഴിതാ ലോകത്തിലാദ്യമായി ഇറ്റലിയില്‍ മങ്കിപോക്‌സും കൊവിഡും എച്ച്‌ഐവിയും ഒരേസമയം ഒരാളില്‍ സ്ഥിരീകരിച്ചു. സ്‌പെയിനില്‍ നിന്നും തിരിച്ചെത്തിയ 36- കാരനിലാണ് മൂന്ന് രോഗാവസ്ഥയും കൂടി ഒന്നിച്ചു വന്നത്. ജേണല്‍ ഓഫ് ഇന്‍ഫെക്ഷനിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പേരുവെളിപ്പെടുത്താത്ത വ്യക്തി സ്‌പെയിനില്‍ അഞ്ച് ദിവസത്തെ യാത്ര കഴിഞ്ഞു വന്നതിനു പിന്നാലെയാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. പനിയും തലവേദനയും തൊണ്ടവേദനയുമാണ് ഇയാളില്‍ ആദ്യം ഉണ്ടായിരുന്നത്. പിന്നാലെ ശരീരത്തില്‍ മങ്കിപോക്‌സിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. പലയിടത്തും ചൊറിച്ചിലും കുമിളകളും ഉണ്ടായി. ഉടനെ യുവാവിനെ ആശുപത്രിയിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റുകയായിരുന്നു.കരളിലും ഇന്‍ഫെക്ഷന്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മങ്കിപോക്‌സ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വൈകാതെ എച്ച്‌ഐവി പോസിറ്റീവാണെന്ന റിസല്‍ട്ടും വന്നു. യുവാവ് ഫൈസര്‍ വാക്‌സിന്‍ ഇരുഡോസുകളും സ്വീകരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ഇയാള്‍ കൊവിഡ്, മങ്കിപോക്‌സ് എന്നീ രോഗങ്ങളില്‍ നിന്നും മുക്തനായെന്നും എയ്ഡിസിനുള്ള ചികിത്സ പുരോഗമിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓഗസ്റ്റ് പത്തൊമ്പതിനാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജേണല്‍ ഓഫ് ഇന്‍ഫെക്ഷനില്‍ പ്രസിദ്ധീകരിച്ചത്.

Related News