സോവിയറ്റ് യൂനിയന്‍ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു

  • 31/08/2022

മോസ്‌കോ: സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ് മിഖായേല്‍ ഗൊര്‍ബച്ചേവ് (91) അന്തരിച്ചു. അന്ത്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചിരുന്നു.


അമേരിക്കയുമായുള്ള ശീതയുദ്ധം രക്തച്ചൊരിച്ചില്‍ ഇല്ലാതെ അവസാനിപ്പിക്കുന്നതില്‍ ഗൊര്‍ബച്ചേവ് നിര്‍ണായക പങ്കുവഹിച്ചു. 1991ല്‍ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം തടയുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകത്ത് ഉയര്‍ന്നുവന്ന 'ഇരുമ്പുമറ' ഇല്ലാതാക്കുന്നതിലും ജര്‍മനിയുടെ ഏകീകരണം സാധ്യമാക്കുന്നതിലും ഗൊര്‍ബച്ചേവിന്റെ നടപടികള്‍ പ്രധാനപങ്ക് വഹിച്ചു.

അദ്ദേഹത്തിന്റെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ പറഞ്ഞു. യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് ഗോര്‍ബച്ചേവിനെ 'ചരിത്രത്തിന്റെ ഗതി മാറ്റിമറിച്ച ഒരു രാഷ്ട്രതന്ത്രജ്ഞന്‍' എന്നും 'ശീതയുദ്ധത്തിന് സമാധriനപരമായ അന്ത്യം കൊണ്ടുവരാന്‍ മറ്റേതൊരാളേക്കാളും കൂടുതല്‍ പ്രവര്‍ത്തിച്ച വ്യക്തി' എന്നും പ്രശംസിച്ചു. ആറു വര്‍ഷം സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്ന മിഖായേല്‍ ഗൊര്‍ബച്ചോവ് കൊണ്ടുവന്ന ഭരണപരിഷ്‌കരങ്ങളാണ് ലക്ഷ്യംകാണാതെ സോവിയറ്റ് സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. റിപ്പബ്ലിക്കുകള്‍ ഓരോന്നായി വിട്ടുപോകവേ, ഡിസംബര്‍ 25ന് അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു.

ശീതയുദ്ധം സമാധാനപരമായ ഒരു പരിസമാപ്തിയിലെത്തിക്കാന്‍ ഗോര്‍ബച്ചേവ് കാണിച്ച ധൈര്യത്തെയും സത്യസന്ധതയെയും താന്‍ എല്ലായ്പ്പോഴും അഭിനന്ദിക്കുന്നുവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ''യുക്രെയ്നിലെ പുടിന്റെ ആക്രമണത്തിന്റെ കാലത്ത്, സോവിയറ്റ് സമൂഹത്തെ വിശാലമാക്കാനുള്ള അദ്ദേഹത്തിന്റെ അശ്രാന്തമായ പ്രതിബദ്ധത നമുക്കെല്ലാവര്‍ക്കും ഒരു മാതൃകയാണ്,'' അദ്ദേഹം ഒരു ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞു.

Related News