അറ്റ്ലാന്റിക് സമുദ്രത്തിൽ വെള്ളമോ ഭക്ഷണമോ ഇല്ലാതെ 11 ദിവസം പിടിച്ച് നിന്നത് ഫ്രീസറിനകത്ത്

  • 02/09/2022


അറ്റ്ലാന്റിക് സമുദ്രത്തിൽ ബോട്ട് മുങ്ങിയതിനെ തുടർന്ന് ഒരാൾ 11 ദിവസം പിടിച്ച് നിന്നത് ഫ്രീസറിനകത്ത്. ഒടുവിൽ അത്ഭുതകരമായി ഇയാൾ രക്ഷപ്പെട്ടു. റൊമുവാൾഡോ മാസിഡോ റോഡ്‍റിഗസ്, എന്ന 44 -കാരൻ വടക്കൻ ബ്രസീലിലെ അമപാ സംസ്ഥാനത്തിലെ ഒയാപോക്കിൽ നിന്ന് ജൂലൈ അവസാനം ഒരു ബോട്ടിൽ ഇലെറ്റ് ലാ മേറിലേക്ക് പോകാനായി പുറപ്പെടുകയായിരുന്നു. 

റോഡ്‍റിഗസ് കുറച്ച് ദിവസം മത്സ്യബന്ധനത്തിനായി ചെലവഴിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, പെട്ടെന്ന് യാത്രക്കിടെ അദ്ദേഹത്തിന്റെ ബോട്ടിൽ വെള്ളം കയറാൻ തുടങ്ങുകയായിരുന്നു. അതോടെ, അയാൾ ബോട്ടിലുണ്ടായിരുന്ന ഫ്രീസറിൽ അഭയം തേടി. ഭക്ഷണമോ വെള്ളമോ ഇല്ലാതെ വെള്ളത്തിൽ കൂടി അലഞ്ഞു തിരിയേണ്ടിയും വന്നു. 

11 ദിവസത്തിനുള്ളിൽ തനിക്ക് അഞ്ച് കിലോയെങ്കിലും ഭാരം കുറഞ്ഞു എന്നാണ് റോഡ്‍റി​ഗസ് കരുതുന്നത്. ആ 11 ദിവസവും തന്നെ ഏറ്റവും വലച്ചത് ദാഹമായിരുന്നു എന്ന് റോഡ്‍റി​ഗസ് പറയുന്നു. ഈ ഫ്രിഡ്ജ് അതിനിടയിൽ തനിക്ക് ദൈവത്തെ പോലെ ആയിരുന്നു. അതൊരു അത്ഭുതമായിരുന്നു എന്നും റോഡ്‍റി​ഗസ് പറയുന്നു. 

രക്ഷിക്കപ്പെടുമ്പോൾ റോഡ്‍റിഗസ് നിർജ്ജലീകരണം കൊണ്ട് കഷ്ടപ്പെടുകയായിരുന്നു. വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞിരുന്നു. കൂടാതെ സൂര്യാഘാതവുമേറ്റിരുന്നു. വെള്ളത്തിനു വേണ്ടി രക്ഷാപ്രവർത്തകരോട് അപേക്ഷിക്കുകയായിരുന്നു അദ്ദേഹം. 

അതിനിടയിൽ തന്നെ സ്രാവ് ആക്രമിക്കുമോ എന്ന് താൻ ഭയന്നിരുന്നു എന്ന് റോഡ്‍റി​ഗസ് പറയുന്നു. രക്ഷാപ്രവർത്തനത്തിനെ കുറിച്ച് ഓർമ്മിക്കവെ അദ്ദേഹം പറയുന്നു, 'ഞാനൊരു ശബ്ദം കേട്ടു. ഫ്രീസറിന് മുകളിലായി ഒരു ബോട്ട് വന്ന് നിൽക്കുന്നു. അവർ അതിൽ ആരും ഇല്ല എന്നാണ് കരുതിയിരുന്നത്. പിന്നെ പതുക്കെ അവർ അടുത്ത് വന്നു. എന്റെ കാഴ്ച മങ്ങാൻ തുടങ്ങി. പിന്നെ ഞാൻ പറഞ്ഞു, ദൈവമേ, ബോട്ട്. ഞാൻ എന്റെ കൈകളുയർത്തി സഹായത്തിന് വേണ്ടി അഭ്യർത്ഥിച്ചു.' 

Related News