വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് ഇന്ന് 21 വയസ്സ്

  • 10/09/2022

വാഷിങ്ടണ്‍: 2001 സെപ്റ്റംബര്‍ 11. അമേരിക്കയില്‍ സമയം രാവിലെ 8.46. ഇന്ത്യയില്‍ അപ്പോള്‍ വൈകിട്ട് 6.16. ലോകം മരവിച്ചു നിന്ന നിമിഷം. ആഗോള വ്യാപാരത്തിന്റെ സിരാകേന്ദ്രങ്ങളിലൊന്നായ വേള്‍ഡ് ട്രേഡ് സെന്റര്‍ ടവറുകളില്‍ ഒന്നിലേക്ക് ഒരു വിമാനം ഇടിച്ചിറങ്ങി. 110 നിലകളില്‍ ഒന്നിന്റെ എണ്‍പതാം നിലയിലേക്കായിരുന്നു വെടിയുണ്ടപോലെ വിമാനം തറഞ്ഞുകയറിയത്. നിയന്ത്രണം വിട്ടതാകാം എന്ന് സംശയിക്കുന്നതിനിടെ 9.03 ന് രണ്ടാമത്തെ വിമാനവും ഇടിച്ചിറക്കി.

9.37ന് മൂന്നാമത്തെ വിമാനം പ്രതിരോധ ആസ്ഥാനമായ പെന്റഗണിനു സമീപം. 10.03ന് മറ്റൊരു വിമാനം പെന്‍സില്‍വാനിയയിലെ മൈതാനത്തും തകര്‍ന്ന് വീണു. ആകെ മരണം 2977. കൊല്ലപ്പെട്ടവര്‍ 77 രാജ്യങ്ങളില്‍ നിന്നുള്ളവര്‍. അഫ്ഗാനിസ്ഥാനില്‍ പരിശീലനം കിട്ടിയ 19 അല്‍ഖ്വയ്ദാ ഭീകരര്‍ നാല് സംഘങ്ങളായി തിരിഞ്ഞാണ് വിമാനങ്ങള്‍ റാഞ്ചിയത് എന്നായിരുന്നു കണ്ടെത്തല്‍. പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷ് തിരിച്ചടിക്കു നിര്‍ദേശം നല്‍കി. ഒരുമാസം തികയും മുന്‍പ് ഒക്ടോബറില്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനിലെത്തി. ഡിസംബറില്‍ താലിബാന്‍ ഭരണം വീണു. പിന്നെയും പത്താണ്ടു കഴിഞ്ഞ് 2011ല്‍ അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിച്ചു. മറ്റൊരു പത്ത് വര്‍ഷം കൂടി നാറ്റോ സൈന്യം അഫ്ഗാനിസ്താനില്‍ തുടര്‍ന്നു. രണ്ടു പതിറ്റാണ്ടിനുശേഷം മടങ്ങുമ്പോള്‍ പിന്നെയും അധികാരം പിടിച്ചതു താലിബാനാണ്. ആരേ ഇല്ലാതാക്കാനാണോ യുദ്ധം പ്രഖ്യാപിച്ചത്, അവര്‍ തന്നെ അധികാരത്തില്‍ തുടരുന്നു എന്നതാണ് സെപ്റ്റംബര്‍ 11ന്റെ ബാക്കി പത്രം.

Related News