അമേരിക്കൻ ഹെലിക്കോപ്റ്റർ പരിശീലനത്തിനിടെ തകർന്ന് മൂന്നു പേർ മരിച്ചു

  • 12/09/2022



കാബൂൾ:∙ താലിബാൻ പിടിച്ചെടുത്ത അമേരിക്കൻ ഹെലിക്കോപ്റ്റർ പരിശീലനത്തിനിടെ തകർന്ന് മൂന്നു പേർ മരിച്ചു. യുഎസ് നിർമിത ഹെലികോപ്റ്ററായ ബ്ലാക്ക് ഹോക്ക് പറത്തുന്നതിനിടെയാണ് അപകടം. അഞ്ചുപേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നു.

സെപ്റ്റംബർ 10ന് അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലായിരുന്നു പരിശീലനം. 30 മില്യൻ ഡോളറോളം വില വരുന്ന ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്റർ താലിബാൻ അംഗം പറത്താൻ ശ്രമിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട ഹെലിക്കോപ്റ്റർ ആകാശത്ത് കറങ്ങി താഴേക്കു പതിക്കുകയും ആയിരുന്നു. സാങ്കേതിക തകരാർ മൂലമാണ് ഹെലികോപ്റ്റർ നാഷനൽ ഡിഫൻസ് യൂണിവേഴ്സിറ്റി ക്യാംപസിനുള്ളിൽ തകർന്നു വീണതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇനായത്തുള്ള ഖൗറസ്മി പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ യുഎസ് സൈന്യം പിന്മാറിയതോടെ താലിബാൻ സേന അഫ്ഗാനിസ്ഥാൻ പിടിച്ചെടുക്കുകയായിരുന്നു. 70ഓളം വിമാനങ്ങളും നിരവധി യുദ്ധ ഉപകരണങ്ങളും നശിപ്പിച്ചാണ് യുഎസ് തിരിച്ചുപോയത്. പക്ഷേ, ചില യുഎസ് നിർമിത വിമാനങ്ങൾ താലിബാൻ പിടിച്ചെടുക്കുകയും ചെയ്തു.

Related News