ജനിച്ചാലും കുഞ്ഞ് ജീവിക്കുക മണിക്കൂറുകൾ മാത്രം; തലയോട്ടി ഇല്ലാത്ത ഭ്രൂണവുമായി യുവതി അലയേണ്ടി വന്നത് കിലോമീറ്ററുകളോളം

  • 16/09/2022

ജനിച്ചാലും ജീവിക്കാന്‍ തീരെ സാധ്യതയില്ലാത്ത ഭ്രൂണവുമായി നാന്‍സി ഡേവിസ് എന്ന യുവതി അലയേണ്ടി വന്നത് കിലോമീറ്ററുകളോളം. ലൂസിയാന സ്വദേശിനിയായ യുവതിക്കാണ് ഈ അനുഭവം.  സംസ്ഥാനത്തിന്റെ ഗര്‍ഭഛിദ്ര നിരോധന നിയമം മൂലം ആണ് നാന്‍സിക്ക് അബോര്‍ഷന്‍ നടത്താന്‍ അനുമതി ലഭിക്കാതിരുന്നത്. കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് ആരോ​ഗ്യരം​ഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എങ്കിലും സംസ്ഥാനത്ത് നിലനില്‍ക്കുന്ന നിയമമനുസരിച്ച്‌ അവര്‍ക്ക് അബോഷന്‍ ചെയ്യാന്‍ സാധിക്കാതെ വരികയായിരുന്നു.

ഇതേ തുടര്‍ന്ന് ആറാഴ്ച കാലത്തോളം രോഗാവസ്ഥയിലുള്ള ഭ്രൂണത്തെ നാന്‍സിക്ക് ഗര്‍ഭത്തില്‍ വഹിക്കേണ്ടി വന്നു. പിന്നീട് കിലോമീറ്ററുകള്‍ സഞ്ചരിച്ച്‌ ഗര്‍ഭഛിദ്രത്തിന് അനുമതിയുള്ള മാന്‍ഹട്ടനിലെത്തിയാണ് യുവതിക്ക് അബോഷന്‍ ചെയ്യാന്‍ സാധിച്ചത്. അക്രാനിയ എന്ന രോഗമായിരുന്നു ഗര്‍ഭാവസ്ഥയില്‍ വെച്ച്‌ തന്നെ ഭ്രൂണത്തിന് സ്ഥിരീകരിച്ചത്. ഗര്‍ഭം ധരിച്ച്‌ പത്താഴ്ച പിന്നിട്ടപ്പോഴാണ് ഈ രോഗം ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

ഗര്‍ഭാവസ്ഥയില്‍ ഭ്രൂണത്തിന് തലയോട്ടി രൂപപ്പെടാതിരിക്കുകയും ഇതിന്‍റെ ഫലമായി തലച്ചോറ് നശിക്കുകയും ചെയ്യുന്ന രോഗമാണ് അക്രാനിയ. ഈ രോഗം സ്ഥിരീകരിച്ച ഭ്രൂണം ജനിച്ചാല്‍ മണിക്കൂറുകള്‍ മാത്രമേ കുഞ്ഞ് ജീവിച്ചിരിക്കുകയുള്ളൂ. നാന്‍സിയുടെ നാലാമത്തെ കുട്ടിയാണിത്. ഗര്‍ഭവസ്ഥയില്‍ താന്‍ ഒരുപാട് മാനസിക സമ്മര്‍ദ്ദം സഹിച്ചുവെന്നും ജനിച്ചാലും തനിക്ക് കിട്ടില്ലെന്ന് വൈദ്യശാസ്ത്രം ഉറപ്പ് പറഞ്ഞ കുഞ്ഞിനെയും വഹിച്ചാണ് താന്‍ ഇത്രയും കാലം നടന്നതെന്നും അബോര്‍ഷന് ശേഷം നാന്‍സി പറഞ്ഞു.

Related News