വയറ്റിനകത്ത് നിന്ന് സര്‍ജറിയിലൂടെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 55 ബാറ്ററികള്‍; വിഴുങ്ങിയത് ബോധപൂർവം

  • 18/09/2022

സേഫ്റ്റി പിന്നോ നാണയമോ എല്ലാം മനുഷ്യന്റെ വയറ്റിൽ അബദ്ധവശാൽ കുടുങ്ങുന്നത് സാധാരണമാണ്. അതല്ലെങ്കില്‍ കുട്ടികളാണ് ചെറിയ സാധനങ്ങള്‍ അധികവും വിഴുങ്ങുന്നത്. എന്നാല്‍ ചിലര്‍ ബോധപൂര്‍വം തന്നെ എന്തെങ്കിലും സാധനങ്ങളോ ഉപകരണങ്ങളോ വിഴുങ്ങുകയോ അതല്ലെങ്കില്‍ ജനനേന്ദ്രിയം വഴി കയറ്റുകയോ ചെയ്യുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. സമാനമായൊരു സംഭവം, എന്നാല്‍ അപൂര്‍വമായൊരു കേസ് ആണ് അയര്‍ലണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു സ്ത്രീയുടെ വയറ്റിനകത്ത് നിന്ന് സര്‍ജറിയിലൂടെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തിരിക്കുന്നത് 55 ബാറ്ററികള്‍!

അബദ്ധത്തില്‍ സംഭവിച്ചതാണെന്ന ചിന്ത വേണ്ട. ബോധപൂര്‍വ്വം തന്നെയാണത്രേ അറുപത്തിയാറുകാരിയായ സ്ത്രീ ബാറ്ററികള്‍ വിഴുങ്ങിയത്. ചെറിയ- ഉരുണ്ട ആകൃതിയിലുള്ള ബാറ്ററികളാണ് ഇവര്‍ ഒന്നൊന്നായി വിഴുങ്ങിയത്. സ്വയം അപകടപ്പെടുത്തുക എന്നത് തന്നെയായിരുന്നുവത്രേ ഉദ്ദേശം. എന്നാല്‍ വൈകാതെ ദേഹാസ്വാസ്ഥ്യമായതോടെ ഇവരുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സ്കാനിംഗിലൂടെ ബാറ്ററികള്‍ കണ്ടെത്തിയെങ്കിലും ഇത് സ്വാഭാവികമായി മലത്തിലൂടെ പുറത്തെത്തുമോ എന്നാണ് ആദ്യം ഡോക്ടര്‍മാര്‍ നോക്കിയത്. എന്നാല്‍ അഞ്ച് ബാറ്ററികള്‍ മാത്രമാണ് ഒരാഴ്ചയ്ക്കുള്ളില്‍ ഈ രീതിയില്‍ പുറത്തെത്തിയത്. ഇതിനോടകം ബാറ്ററികളുടെ കനം താങ്ങാതെ ആമാശയം തൂങ്ങിവരുന്ന സാഹചര്യവുമുണ്ടായതോടെ സര്‍ജറി തീരുമാനിക്കുകയായിരുന്നു. സര്‍ജറിയിലൂടെ ആമാശയത്തിലുണ്ടായിരുന്ന ബാറ്ററികളെല്ലാം പുറത്തെടുത്തു.

ഏതാനും ബാറ്ററികള്‍ മലാശയത്തിലെത്തിയിരുന്നു ഇവ മലാശയത്തിലൂടെയും പുറത്തെടുത്തു. ഇവരുടെ ആന്തരീകാവയവങ്ങള്‍ക്കൊന്നും കാര്യമായ അപകടങ്ങളോ പരുക്കോ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്തായാലും ഇത് റെക്കോര്‍ഡ് സംഭവമാണെന്നാണ് റിപ്പോര്‍ട്ടുകളെല്ലാം അവകാശപ്പെടുന്നത്. ഇത്രയധികം ബാറ്ററികള്‍ വിഴുങ്ങിയിട്ടുള്ള സംഭവങ്ങള്‍ ഇതിന് മുമ്ബ് ഉണ്ടായിട്ടില്ലെന്നാണ് ഇവ ചൂണ്ടിക്കാട്ടുന്നത്.

ഇങ്ങനെ ചെയ്യുന്നവർക്ക് ഒന്നുകില്‍ മാനസികപ്രശ്നങ്ങളാകാം ഇതിന് കാരണമാകാറ്. അതല്ലെങ്കില്‍ സ്വയം നശിപ്പിക്കുക- മരിക്കുക എന്ന ഉദ്ദേശപ്രകാരവും ചെയ്യാം. എന്തായാലും പുറമെ നിന്നുള്ള വസ്തുക്കള്‍ മനുഷ്യശരീരത്തിനകത്ത് കടക്കുന്നത് തീര്‍ച്ചയായും വലിയ രീതിയിലുള്ള സങ്കീര്‍ണതകള്‍ക്ക് ഇടയാക്കുമെന്നതില്‍ തര്‍ക്കമില്ല. ഇത് നിസാരമായ ഉദരസംബന്ധ പ്രശ്നങ്ങള്‍ തൊട്ട് മരണത്തിലേക്ക് വരെയെത്തിച്ചേക്കാം.

Related News