കാനഡയില്‍ വര്‍ക്ക്ഷോപ്പിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

  • 20/09/2022
ടൊറണ്ടോ: കാനഡയില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പിലുണ്ടായ വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. പഞ്ചാബ് സ്വദേശി സത്‍വീന്ദര്‍ സിങ് (28) ആണ് മരിച്ചത്. തിങ്കളാഴ്ചയുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് ഹാമില്‍ട്ടണ്‍ ജനറല്‍ ഹോസ്‍പിറ്റലില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. ഇതോടെ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

40 വയസുകാരനായ സീന്‍ പെട്രി എന്നയാളാണ് വെടിവെപ്പ് നടത്തിയത്. ആദ്യം മിസിസോഗയില്‍ വെച്ച് ടൊറണ്ടൊ പൊലീസിലെ ഒരു കോണ്‍സ്റ്റബളിനെ വെടിവെച്ചു കൊന്ന ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയും പിന്നീട് മില്‍ട്ടനിലെത്തി അവിടെ താന്‍ നേരത്തെ ജോലി ചെയ്‍തിരുന്ന ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പിന്റെ ഉടമയായ ഷക്കീല്‍ അഷ്റഫ് (38) എന്നയാളിനെയും വെടിവെച്ചു കൊല്ലുകയായിരുന്നു. 

ഇതേ വര്‍ക്ക് ഷോപ്പില്‍ പാര്‍ട് ടൈമായി ജോലി ചെയ്യുകയായിരുന്ന സത്‍വീന്ദര്‍ സിങിനും വെടിയേറ്റു. അക്രമിയെ പിന്നീട് ഹാമില്‍ട്ടനില്‍ വെച്ച് പൊലീസ് വെടിവെച്ചുകൊന്നു. സത്‍വീന്ദര്‍ സിങ് ഉള്‍പ്പെടെ മൂന്ന് പേരെയാണ് വെടിവെപ്പില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related News