റോജര്‍ ഫെഡറര്‍ക്ക് വികാര നിര്‍ഭര വിടവാങ്ങല്‍

  • 23/09/2022

ലണ്ടന്‍: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിച്ചു. അവസാന മത്സരത്തില്‍ തോല്‍വിയോടെയാണ് താരം കോര്‍ട്ട് വിട്ടത്. ലേവര്‍ കപ്പ് ഡബിള്‍സില്‍ സ്പെയിനിന്റെ റാഫേല്‍ നദാലിനൊപ്പം കളിക്കാനിറങ്ങിയ ഫെഡറര്‍ അവസാന മത്സരത്തില്‍ കണ്ണീരോടെ വിടവാങ്ങി.

അമേരിക്കയുടെ ഫ്രാന്‍സിസ് ടിയാഫോ-ജാക്ക് സോക്ക് സഖ്യമാണ് ഫെഡറര്‍-നദാല്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സഖ്യം പരാജയപ്പെട്ടത്. സ്‌കോര്‍: 6-4, 6-7, 11-9. ടീം യൂറോപ്പിനുവേണ്ടിയാണ് ഫെഡററും നദാലും കളിച്ചത്. ടിയാഫോയും സോക്കും ലോകടീമിനുവേണ്ടി അണിനിരന്നു.ആദ്യ സെറ്റ് അനായാസം നേടിയ ഫെഡറര്‍-നദാല്‍ സഖ്യത്തിന് രണ്ടാം സെറ്റില്‍ പിഴച്ചു. ടൈബ്രേക്കറില്‍ 7-2 ന് വിജയിച്ച അമേരിക്കന്‍ സഖ്യം സെറ്റ് സ്വന്തമാക്കി തിരിച്ചടിച്ചു. മൂന്നാം സെറ്റില്‍ ഇരുടീമുകളും വാശിയേറിയ പോരാട്ടം കാഴ്ചവെച്ചെങ്കിലും അവസാന ചിരി അമേരിക്കയുടെതായി. മത്സര ശേഷം പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഫെഡറര്‍ ടെന്നീസ് കോര്‍ട്ട് വിട്ടത്. ഞാന്‍ വളരെ സന്തോഷവാനാണ്. എനിക്ക് പിന്തുണനല്‍കാന്‍ ധാരാളം പേരുണ്ട്. എന്റെ കുടുംബം ഇന്നിവിടെയുണ്ട്. എന്റെ ഭാര്യയാണ് എന്റെ ശക്തി. അവളുടെ പിന്തുണകൊണ്ടുമാത്രമാണ് ഇത്രയും നാള്‍ എനിക്ക് കോര്‍ട്ടില്‍ തിളങ്ങാനായത്. എനിക്ക് മുന്‍പേ വിരമിക്കാമായിരുന്നു. പക്ഷേ എന്റെ ഭാര്യ അതിന് അനുവദിച്ചില്ല. അവള്‍ എന്നോട് ടെന്നീസില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടു. ഈ സമയം ഞാന്‍ എന്റെ അമ്മയെയും സ്മരിക്കുന്നു. അമ്മയില്ലായിരുന്നുവെങ്കില്‍ ഞാനിവിടെയുണ്ടാകുമായിരുന്നില്ല. അച്ഛന്റെ പിന്തുണയും പറഞ്ഞറിയിക്കാനാവില്ല. അച്ഛനും അമ്മയ്ക്കും ഒരുപാട് നന്ദി. ദൈവത്തിന് നന്ദി എല്ലാവര്‍ക്കും നന്ദി.' കണ്ണീരോടെ ഫെഡറര്‍ പറഞ്ഞു. മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related News