പാകിസ്ഥാനിൽ പ്രളയക്കെടുത്തിക്കിടെ മന്ത്രിയുടെ വിദേശ സന്ദർശനം; ലണ്ടനില്‍ പാക് പ്രവാസികളുടെ പ്രതിഷേധം

  • 26/09/2022

പാകിസ്താന്‍ മന്ത്രി മറിയം ഔറംഗസേബിനെതിരെ ലണ്ടനില്‍ പാക് പ്രവാസികളുടെ പ്രതിഷേധം. പ്രതിഷേധത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പാകിസ്താനിലുടനീളമുള്ള വെള്ളപ്പൊക്ക നാശത്തിനിടയില്‍ വിദേശ സന്ദര്‍ശനം നടത്തിയ മന്ത്രിയെ വിദേശത്തുള്ള പാകിസ്താനികള്‍ വിമര്‍ശിച്ചതായാണ്  റിപ്പോര്‍ട്ട്. നവാസ് ശരീഫിന്റെ മകളാണ് മറിയം. പാകിസ്താന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രിയാണിപ്പോള്‍ മറിയം. ലണ്ടനിലെ ഒരു ഷോപ്പില്‍ സാധനം വാങ്ങാനെത്തിയ മറിയമിനെ പാക് പൗരന്‍മാര്‍ വളയുകയായിരുന്നു.

നിരവധി സ്ത്രീകളും പ്രതിഷേധക്കാരിലുണ്ടായിരുന്നു. ഇവരെല്ലാം മൊബൈല്‍ ഫോണുകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. മാത്രമല്ല, മറിയമിനെ പരമാവധി പ്രകോപിപ്പിക്കാനും ശ്രമം നടത്തുന്നുണ്ട്. എന്നാല്‍, ഒട്ടും ഭയംകൂടാതെ വളരെ തന്‍മയത്വത്തോടെ മറിയം സംഭവം കൈകാര്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അനുയായികള്‍ ലണ്ടനിലെ ഒരു കടയില്‍ വച്ച്‌ മറിയമിനെ ഉപദ്രവിക്കുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു എന്ന് പാകിസ്താനിലെ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ബ്രിട്ടനിലേക്ക് പോയിട്ടും ചിലര്‍ക്ക് കാലം മാറിയിട്ടില്ലെന്നും വിദേശ പാകിസ്താനികള്‍ നമ്മുടെ സമൂഹത്തിലെ ഏറ്റവും താഴ്ന്ന നിലയിലുള്ളവരെയാണ് പ്രതിനിധീകരിക്കുന്നതെന്നും പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ട്വിറ്ററില്‍ കുറിച്ചു.

Related News